*പ്രളയ ബാധിത പ്രദേശങ്ങളില്‍ ശുദ്ധജല വിതരണം ഉറപ്പാക്കും
* മാലിന്യ സംസ്‌കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കും
പ്രളയാനന്തരമുണ്ടാകാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജനകീയ പങ്കാളിത്തത്തോടെ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് ആരോഗ്യ  മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വലിയ തോതില്‍ ജലജന്യ-കൊതുകുജന്യ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്ത പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മറ്റ് വകുപ്പുകളേയും ഏകോപിപ്പിക്കുന്നത്. ഇതിനായി ഓരോ ജില്ലയിലും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. വീടുകളിലും മറ്റും കുടുങ്ങിപ്പോയവരില്‍ മിക്കവരേയും ക്യാമ്പുകളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ക്യാമ്പുകളിലും വീടുകളിലുമുള്ളവര്‍ക്ക് പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടിയാണ് ഇനിയും ശക്തമാക്കേണ്ടത്. ശുദ്ധജലം ഉറപ്പാക്കുന്നതിനും മരുന്നുകള്‍ വിതരണം ചെയ്യുന്നതിനുമുള്ള നടപടികള്‍ കൂടുതല്‍ വ്യാപിപ്പിച്ചിട്ടുണ്ട്.   ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട് കാള്‍ സെന്ററും സെല്ലും തുറന്നിട്ടുണ്ട്. ഇവിടേക്ക് ഏത് സമയത്തും വിളിക്കാവുന്നതാണ്. ഇതിനൊപ്പം ജില്ലകള്‍ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂമുകളും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയുടെ പ്രവര്‍ത്തനം ഏകോപിക്കാന്‍ ആരോഗ്യവകുപ്പ് ജീവനക്കാരെ എല്ലാ സ്ഥലങ്ങളിലും നിയോഗിച്ചു.
മാലിന്യ നിര്‍മാര്‍ജനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു വേഗത്തിലാക്കും. ക്യാമ്പുകളില്‍ താമസിക്കുന്നവരുടെ ആരോഗ്യം പരിശോധിക്കാന്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ തെരഞ്ഞെടുത്തിട്ടുണ്ട്. കൂടുതല്‍ ആള്‍ക്കാര്‍ താമസിക്കുന്ന ക്യാമ്പുകളുടെ സമീപത്ത് ആവശ്യമെങ്കില്‍ താല്‍ക്കാലിക പി.എച്ച്.സികള്‍ ആരംഭിക്കും. സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരും ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ സഹായവുമായി എത്തുന്നുണ്ട്. അയല്‍ സംസ്ഥാനത്തുനിന്നുള്ള ഡോക്ടര്‍മാരും സേവന സന്നദ്ധത അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍നിന്നുള്ള സംഘം ഇപ്പോള്‍ എത്തിയിട്ടുണ്ട്.
കേരള മെഡിക്കല്‍ കോര്‍പ്പറേഷന്‍ വഴിയാണ് മരുന്നുകള്‍ ശേഖരിക്കുന്നത്. മരുന്നുകള്‍ കര്‍ശനമായ പരിശോധനയ്ക്ക് ശേഷമാണ് വിതരണം ചെയ്യുന്നത്. ഏതെങ്കിലും സ്ഥലത്ത് മരുന്നുകള്‍ക്ക് ക്ഷാമമുണ്ടായാല്‍ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം. വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനൊപ്പം ക്യാമ്പുകളിലെ മാലിന്യം പ്രത്യേകം ശേഖരിച്ച് സംസ്‌കരിക്കും. വീടും വസ്തുവകകളും നഷ്ടപ്പെട്ടവര്‍ക്ക് മാനസികമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മാനസികാരോഗ്യ വിഭാഗം പ്രത്യേക കൗണ്‍സലിംഗ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.  ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. സരിത ആര്‍.എല്‍, അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.ജെ.റീന എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.