പ്രളയത്തില്‍പെട്ട വീടുകള്‍ വാസയോഗ്യമാകുന്നതുവരെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പൂര്‍ണതയിലേക്കെത്തുകയാണ്. വീടുകളിലേക്ക് മടങ്ങുന്ന സാഹചര്യം പലയിടത്തുമുണ്ട്. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അവിടെയെത്തി സാധാരണ പോലെ താമസിക്കാന്‍ സഹായിക്കുന്നതിനായി ഓരോ കിറ്റുകള്‍ നല്‍കും. പ്രളയ മേഖലയിലെ ചില വീടുകള്‍ അപകടാവസ്ഥയിലാണ്. അവ താമസയോഗ്യമാക്കേണ്ടതുണ്ട്. വെള്ളം കയറിയ വീടുകളില്‍ പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ഇഴജന്തുകള്‍ കയറിയിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷം വേണം കയറേണ്ടത്. വൈദ്യുതി തകരാറുമുണ്ട്. പല ഉപകരണങ്ങളും കേടുവന്ന് പ്രവര്‍ത്തിപ്പിക്കാനാവാത്ത അവസ്ഥയാണ്.
വൈദ്യുതി കണക്ഷന്‍ പോയ സ്ഥലങ്ങളില്‍ നല്‍കാന്‍ കെ. എസ്. ഇ. ബി നടപടി സ്വീകരിക്കും. വയറിംഗ്, പ്‌ളംബിംഗ് സേവനം ലഭിക്കുന്നതിന് അതുമായി ബന്ധപ്പെട്ട തൊഴിലാളി സംഘടനകളുമായി സംസാരിച്ചിട്ടുണ്ട്. അവര്‍ സഹകരണം അറിയിച്ചു. സന്നദ്ധപ്രവര്‍ത്തകരുടെ പ്രാദേശികതല പട്ടിക keralarescue.in ല്‍ ലഭിക്കും. ഇതിനായി തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. വീടുകളിലെ ഗ്യാസ് സിലിണ്ടറുകള്‍ പരിശോധിച്ച് സൂക്ഷിച്ച് ഉപയോഗിക്കണം. ആവശ്യമായ ഗ്യാസ് സിലിണ്ടറുകള്‍ ലഭ്യമാക്കാന്‍ വിതരണക്കാരുടെ സഹായമുണ്ടാവും. വെള്ളമിറങ്ങുമ്പോഴുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് വിശദ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം എത്തുന്നുണ്ട്. ഐ. എം. എയുടെ സഹകരണവും തേടും. പാമ്പുകളുടെ ശല്യം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആശുപത്രികളില്‍ ആന്റി വെനം ആവശ്യത്തിനെത്തിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതിനിടെ ചില തെറ്റായ പ്രവണതകള്‍ കണ്ടുവരുന്നുണ്ട്. ഉപേക്ഷിച്ചു പോയ വീടുകളില്‍ മോഷണത്തിന് ചില ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുണ്ടാവാന്‍ പാടില്ല. ദുരിതാശ്വാസത്തിന്റെ പേരില്‍ ഫണ്ട് ശേഖരിക്കാനും ചില തെറ്റായ രീതികള്‍അവലംബിക്കുന്നതും  ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത്തരം നടപടികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. തെറ്റായ പ്രവണതകളില്‍ ഏര്‍പ്പെടുന്നവര്‍ അതില്‍നിന്ന് ഒഴിവാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.