ദുരന്തമുണ്ടായ വേളയില്‍ രക്ഷാപ്രവര്‍ത്തനത്തിനും ക്യാമ്പുകളില്‍ അവശ്യ വസ്തുക്കള്‍ ശേഖരിക്കാനും വിതരണം ചെയ്യാനുമുള്ള യുവജനങ്ങളുടെ ഇടപെടല്‍ വിലമതിക്കാനാവാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭാവിതലമുറ ഉജ്വല സംസ്‌കാരത്തിന്റെ പതാകവാഹകരാണെന്ന് തെളിയിച്ചു. ക്യാമ്പുകളിലെ സാധനങ്ങള്‍ ശേഖരിക്കാന്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ അര്‍പ്പണ ബോധത്തോടെയാണ് ഇവരുടെ പ്രവര്‍ത്തനം. ജനങ്ങളെ രക്ഷിക്കാനും ഇവര്‍ സ്വയം മുന്നിട്ടിറങ്ങി. ആരുടേയും നിര്‍ദ്ദേശമോ സമ്മര്‍ദ്ദമോ ഉണ്ടായിട്ടല്ല അവര്‍ പ്രവര്‍ത്തിച്ചത്. എല്ലാ വെല്ലുവിളികളെയും തൃണവദ്ഗണിച്ച് അവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം തിളങ്ങുന്ന അധ്യായമാണ്. യുവത്വത്തിന്റെ ത്യാഗസന്നദ്ധതയും സേവന തത്പരതയും അവര്‍ മനുഷ്യസ്‌നേഹത്തിന്റെ പാതയിലാണെന്ന് കാണിക്കുന്നു.
രക്ഷാപ്രവര്‍ത്തനത്തിലെ വിജയത്തില്‍ മോട്ടോര്‍ വാഹന ഉടമകളുടെ സഹകരണവും പ്രത്യേകം പറയേണ്ടതാണ്. ഗതാഗത യോഗ്യമല്ലാത്ത മേഖലകളില്‍ ടിപ്പറും വലിയ ലോറികളും സാഹസികമായി പ്രവര്‍ത്തിച്ചു. ഈ ഡ്രൈവര്‍മാരുടെ കരളുറപ്പ് പലരേയും ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. ഇവരുടെ സേവനവും സര്‍ക്കാര്‍ മാനിക്കുന്നു.