കട്ടപ്പന ഗവ. ഐ.ടി.ഐ.യില്‍ നിന്ന് അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ വിജയം കരസ്ഥമാക്കിയ പരിശീലനാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സ്റ്റേറ്റ്, ഐടിഐ, ട്രേഡ് തലങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണവും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു. സമൂഹത്തിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷയാണ് കുട്ടികളെന്നും ഉന്നത വിജയം നേടിയ കുട്ടികളെ മികച്ച രീതിയില്‍ അഭിനന്ദിക്കാന്‍ സമൂഹം ബാധ്യസ്ഥമാണെന്നും കളക്ടര്‍ പറഞ്ഞു. നാടിന് മാതൃകയായി വളരുമ്പോഴാണ് വിദ്യാഭ്യാസം കൊണ്ട് അവനവനും സമൂഹത്തിനും കുടുംബത്തിനുമെല്ലാം പ്രചോദനം ലഭിക്കുകയെന്നും നാടിന്റെ അഭിമാനമായി വളരാന്‍ കഴിയട്ടെയെന്നും കളക്ടര്‍ ആശംസിച്ചു.
കട്ടപ്പന നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ അംഗം ഷാജി കൂത്തോടില്‍, കട്ടപ്പന ഗവ. ഐ. ടി. ഐ. പ്രിന്‍സിപ്പല്‍ ആനീസ് സ്റ്റെല്ല ഐസക്, ഐ. എം. സി. ചെയര്‍മാന്‍ പാര്‍വതി എം., വൈസ് പ്രിന്‍സിപ്പല്‍ പീറ്റര്‍ സ്റ്റാലിന്‍ ഡബ്ല്യൂ. എ., ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍മാരായ ചന്ദ്രന്‍ പി. സി., എം. തുളസീധരന്‍, പി. ടി. എ. പ്രസിഡന്റ് രാജീസ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കുട്ടികള്‍ക്കായി ഐ. ടി. ഐ. യുടെ വികസനവും പ്രവര്‍ത്തനവും, അപ്രന്റീസ്ഷിപ്പും ജോലി സാധ്യതയും എന്നീ വിഷയങ്ങളില്‍ സെമിനാറും നടത്തി.