ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം മൊബൈല്‍ ആപ്ലിക്കേഷന്‍ വീടുകളിലും സ്ഥാപനങ്ങളിലും എന്റോള്‍ ചെയ്യുന്നതിന് ഹരിത കര്‍മ്മസേനയോടൊപ്പം വിദ്യാര്‍ത്ഥികളും പങ്കാളികളാകും. പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ഗവ.കോളേജ്, മീനങ്ങാടി മാര്‍ ഗ്രിഗോറിയസ് കോളേജ് എന്നിവിടങ്ങളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു. ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെയാണ് പരിശീലനം നടന്നത്. മാലിന്യ സംസ്‌കരണ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ മീനങ്ങാടി ഗ്രാമ പഞ്ചായത്ത്, കല്‍പ്പറ്റ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക. മീനങ്ങാടി മാര്‍ ഗ്രിഗോറിയസ് കോളേജിലെ 150 വിദ്യാര്‍ത്ഥികളും കല്‍പ്പറ്റ ഗവ. കോളേജിലെ 50 വിദ്യാര്‍ത്ഥികളും പരിശീലനത്തില്‍ പങ്കെടുത്തു. കെല്‍ട്രോണ്‍ ഡിസ്ട്രിക്ട് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സുജയ് കൃഷ്ണന്‍, അസിസ്റ്റന്റ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ കെ. ശരണ്‍ദാസ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. മാലിന്യസംസ്‌കരണ മേഖലയിലെ ഓരോ പ്രവര്‍ത്തനവും അതാത് സമയങ്ങളില്‍ തന്നെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡ് തലം വരെ മോണിട്ടര്‍ ചെയ്യുന്നതിനായി വികസിപ്പിച്ച ആപ്ലിക്കേഷനാണ് ഹരിത മിത്രം.
