കാർഷിക വിളകളുടെ ഉത്പാദനവും വിപണനവും ഉറപ്പുവരുത്തി കർഷക ക്ഷേമ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോവുകയാണ് ചെറുതാഴം കുരുമുളക് ഉൽപാദക കമ്പനി. ചുരുങ്ങിയ ചെലവിൽ കർഷകർക്കാവശ്യമായ കാർഷികോപകരണങ്ങളും വിത്തും വളവും  ലഭ്യമാക്കുന്ന കമ്പനി വിപണി വിലയേക്കാൾ കൂടുതൽ തുക നൽകിയാണ് ഉൽപ്പന്നങ്ങൾ സംഭരിക്കുന്നത്. 2018ലാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി കുരുമുളക് ഉത്പാദക കമ്പനി പ്രവർത്തനം തുടങ്ങിയത്. ഈ കൂട്ടായ്മയിൽ നിലവിൽ 410 കുരുമുളക് കർഷകരാണ്  ഓഹരിയുടമകളായുള്ളത്.
ചെറുതാഴത്തെ കുരുമുളക് സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങളാണ് കുരുമുളക് ഉല്പാദന കമ്പനിയുടെ രൂപീകരണത്തിന് വഴിതെളിച്ചത്.  സർക്കാർ ബജറ്റിൽ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇപ്പോൾ പ്രവർത്തനം നടത്തുന്നത്. കൃഷിവകുപ്പിന്റെയും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സഹായത്തോടെ കുരുമുളക് തൈകൾ ഉത്പാദിപ്പിക്കാൻ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 കുരുമുളക് തൈ ഉത്പാദക യൂണിറ്റുകൾ പ്രവർത്തിക്കുന്നു. കുളപ്പുറത്തെ കമ്പനി നഴ്‌സറിയിലും ഗുണമേന്മയുള്ള തൈകൾ ഉത്പാദിപ്പിക്കുന്നുണ്ട്. മിതമായ നിരക്കിൽ വളങ്ങൾ, വിത്തുകൾ, ചെടികൾ, മണ്ണ് പോഷണത്തിനാവശ്യമായ ഘടകങ്ങൾ, കുമ്മായം, ജൈവവളം എന്നിവ കർഷകർക്ക് ലഭ്യമാക്കുന്നു. 45 ടൺ ജൈവവളമാണ് കഴിഞ്ഞ വർഷം ഇവിടെ നിന്നും വിതരണം ചെയ്തത്. കൊവിഡ് കാല പ്രതിസന്ധികളെ അതിജീവിച്ച് കർഷകർക്കൊപ്പം നിന്ന ഈ കൂട്ടായ്മക്ക് 2021-22ൽ 44 ലക്ഷത്തിലേറെ രൂപയുടെ വിറ്റുവരവ് ഉണ്ടായി. മുൻവർഷങ്ങളെക്കാളും ഇരട്ടിയിലധികമായിരുന്നു ഈ നേട്ടം.
കുരുമുളകിന് പുറമെ മഞ്ഞൾ, ഇഞ്ചി, പച്ചക്കറിത്തൈകൾ, പൂക്കൾ എന്നിവയും ഇവിടെ കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്നുണ്ട്. മഴമറ, മാതൃതല യൂണിറ്റുകൾക്ക് ഡ്രിപ് ഇറിഗേഷൻ ഉൾപ്പടെയുള്ള ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
കാർഷിക സർവകലാശാലയാണ് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുന്നത്. പുതിയ തോട്ടങ്ങൾ ഒരുക്കാനും പരിപാലിക്കാനും പരിശീലനം നേടിയ ടെക്നിഷ്യന്മാരുണ്ട്. കമ്പനിയുടെ നേതൃത്വത്തിൽ പിലാത്തറയിൽ പ്രവർത്തിക്കുന്നു ഗ്രാമശ്രീ കർഷക കർഷകോൽപ്പാദക വിപണന കേന്ദ്രം കർഷകരുടെ ഉത്പന്നങ്ങൾക്ക് പ്രാദേശിക വിപണി ഒരുക്കുന്നതോടൊപ്പം സംസ്ഥാനത്തെ ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെയും കർഷക കൂട്ടായ്മകളുടേയും മൂല്യവർധിത ഉൽപ്പനങ്ങളും വിൽപ്പന നടത്തുന്നു. കർഷകരിൽ നിന്നും സംഭരിക്കുന്ന വിഷരഹിത ഉത്പന്നങ്ങൾ, വിവിധ ജൈവ വളങ്ങൾ, കാർഷിക ഉപകരണങ്ങൾ, വിത്തുകൾ, പച്ചക്കറി തൈകൾ, ഫലവൃക്ഷ തൈകൾ, അലങ്കാര-പുഷ്പ ചെടികൾ, തൈകൾ തുടങ്ങിയവയെല്ലാം ഇവിടെ ലഭിക്കും. കുരുമുളക്, കുരുമുളക് പൊടി, മഞ്ഞൾ പൊടി എന്നിവ ബ്രാൻഡ് ചെയ്ത് വിൽപന നടത്തുന്നുമുണ്ട്. കമ്പനിയുടെ നേതൃത്വത്തിൽ പ്രോസസിംഗ് -ഗ്രേഡിംഗ് യൂണിറ്റ് ആരംഭിച്ച് കൂടുതൽ കാർഷിക മൂല്യ വർധിത ഉത്പന്നങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തുകയാണ് ലക്ഷ്യമെന്ന് ചെയർമാൻ മനോജ് കുമാർ പറഞ്ഞു. നബാർഡ്, കൃഷി വിജ്ഞാന കേന്ദ്രം ചെറുതാഴം കൃഷി ഭവൻ എന്നിവയാണ് ആവശ്യമായ പിന്തുണ നൽകുന്നത്.