വനിത ശിശുവികസന വകുപ്പും, ഐ. സി. ഡി. എസ് ജില്ലാ പ്രോഗ്രാം ഓഫീസും സംയുക്തമായി സംഘടിപ്പിച്ച’പോഷന്‍ മാ 2022′ തിരുവനന്തപുരം ജില്ലാതല പരിപാടികളുടെ ഉദ്ഘാടനംജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഐ.സി.ഡി.എസ് ശൃംഖലകള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പോഷന്‍ സൂചികയില്‍ ഒന്നാം സ്ഥാനത്തുള്ളത് തിരുവനന്തപുരം ജില്ലയാണ്. ശരിയായ ഭക്ഷണ രീതിയെ കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തിക്കാന്‍ ശ്രമിക്കും. അംഗനവാടികളുടെ സഹായത്തോടെ വിളര്‍ച്ചയുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ പോഷകാഹാരങ്ങള്‍ ഉറപ്പ് വരുത്തുമെന്നും അധ്യക്ഷത വഹിച്ച വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ പ്രിയങ്ക ജി. പറഞ്ഞു. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി.

സെപ്റ്റംബര്‍ മാസം പോഷന്‍ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍, ഗര്‍ഭിണികള്‍, കൗമാരക്കാര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരില്‍ പോഷക സമൃദ്ധി ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയാണ് ‘പോഷന്‍ മാ’. ഗുരുതരമായ പോഷകാഹാര കുറവുള്ള കുട്ടികളെ കണ്ടെത്തല്‍, ആരോഗ്യമുള്ള കുട്ടികളെ അനുമോദിക്കല്‍, അടുക്കളത്തോട്ടം പ്രോത്സാഹിപ്പിക്കല്‍, പോഷന്‍ പഞ്ചായത്ത് രൂപീകരിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ സബീന ബീഗം, ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിത റാണി, ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍, ന്യൂട്രിഷന്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.