കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിനെ കരക്കയറ്റാനുള്ള ശ്രമങ്ങളില്‍ കുട്ടികളുടെ കുഞ്ഞിടപ്പെടലുകളും അഭിനന്ദനമര്‍ഹിക്കുന്നു. ഓരോ ദിവസവും നിരവധി കുട്ടികളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറാനായി കളക്ടറേറ്റുകളിലെത്തുന്നത്. ചിലര്‍ ഓണത്തിനും പെരുന്നാളിനും പുത്തനുടുപ്പ് വാങ്ങാനായി വച്ച കാശുകള്‍, മറ്റു ചിലര്‍ മറ്റാവശ്യങ്ങള്‍ക്കായി കാലങ്ങളായി സ്വരുകൂട്ടി വച്ച കൊച്ചു കൊച്ചു സമ്പാദ്യങ്ങളെല്ലാം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയാണ്. ഇന്നലെ വയനാട് കളക്ടറേറ്റിലെത്തിയ സഹോദരിമാരായ ഹൃദ്യ സതീഷനും അനന്യ സതീഷനും സഹോദരന്‍മാരായ അര്‍ജുന്‍ ബിജുവും സൂര്യ കൃഷ്ണനും അവരില്‍ ചിലര്‍ മാത്രം. എല്‍.കെ.ജി മുതല്‍ നൃത്തമഭ്യസിക്കുന്ന ഹൃദ്യ നൃത്തത്തില്‍ നിന്നും ലഭിച്ച കൊച്ചു സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചതോടെ അനുജത്തി അനന്യയും കൂട്ടിനെത്തി. തുടര്‍ന്ന് ഇരുവരും കൂട്ടിച്ചേര്‍ത്ത 5000 രൂപയുമായി അമ്മയോടൊപ്പം നേരിട്ട് ജില്ലാ കളക്ടറേറ്റിലെത്തി കളക്ടര്‍ ഇന്‍ ചാര്‍ജ് വഹിക്കുന്ന കേശവേന്ദ്രകുമാറിനെ ഏല്‍പ്പിച്ചു. ഡി പോള്‍ പബ്ലിക് സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹൃദ്യ. ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃത്തം എന്നിവയില്‍ സി.ബി.എസ്.ഇ സ്‌കൂള്‍ കലോത്സവത്തില്‍ സംസ്ഥാന തലത്തിലടക്കം എഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഉഷാ രാജേന്ദ്ര പ്രസാദ്, കല്‍പ്പറ്റ അനില്‍ എന്നിവരുടെ കീഴിലാണ് നൃത്തം അഭ്യസിക്കുന്നത്. വലുതായാല്‍ ഡോക്ടര്‍ ആവണമെന്നാണ് ഹൃദ്യയുടെ ആഗ്രഹമെങ്കിലും നൃത്തത്തെയും ഒപ്പം കൊണ്ടുപോകാനാണ് തീരുമാനം. ഡി പോള്‍ സ്‌കൂള്‍ നാലാം ക്ലാസില്‍ പഠിക്കുന്ന അനുജത്തി അനന്യയ്ക്കു ഭാവിയില്‍ ശാസ്ത്രജ്ഞയാവാനാണ് ആഗ്രഹം. മുട്ടില്‍ പഞ്ചായത്തിലെ എടപെട്ടി സ്വദേശികളായ സി. സതീഷന്‍ – ശ്രീജ സതീഷന്‍ ദമ്പതികളുടെ മക്കളാണ് ഇരുവരും. സതീഷന്‍ സൗദി അറേബ്യയിലെ സ്വകാര്യ കമ്പനിയിലെ പ്രൊജക്ട് ലീഡറാണ്.
ചെസ്സ് ഇന്റര്‍നാഷണല്‍ റൈറ്റ് അപ് പ്ലയര്‍ കൂടിയായ അര്‍ജുന്‍ ബിജുവും അനുജന്‍ സൂര്യകൃഷ്ണയും കൂടി 5000 രൂപയും നേരിട്ട് കളക്ടറേറ്റിലെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. അര്‍ജുന്‍ ചെസ് മത്സരങ്ങളില്‍ നിന്നും ലഭിച്ച തുക കൂട്ടിവച്ചപ്പോള്‍ അനുജന്‍ സൂര്യകൃഷ്ണ തന്റെ കൈയിലുണ്ടായിരുന്ന വിഷുകൈനീട്ടം കിട്ടിയ 500 രൂപയും ദുരിതാശ്വാസ നിധിയിലേക്കായി നല്‍കുകയായിരുന്നു. ബത്തേരി ബിനാച്ചി എച്ച്.എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അര്‍ജുന്‍, സൂര്യകൃഷ്ണ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും. രണ്ടു വര്‍ഷമായി വി.ആര്‍ സന്തോഷ് ചൂതുപാറയുടെ കീഴില്‍ അര്‍ജുന്‍ ചെസ് പരിശീലനം നടത്തുന്നുണ്ട്. ഭാവിയില്‍ ഗ്രാന്‍ഡ്മാസ്റ്ററാവണമെന്നാണ് അര്‍ജുന്റെ ആഗ്രഹം. പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടറും പൊതുപ്രവര്‍ത്തകനുമായ പി.സി ബിജുവും കെ.പി തുഷാരയുമാണ് മാതാപിതാക്കള്‍.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി ചുള്ളിയോട് ഗാന്ധി സ്മാരക ഫുട്‌ബോള്‍ അക്കാദമി വിദ്യാര്‍ത്ഥികളുമെത്തി. എട്ടു മുതല്‍ 14 വയസ് വരെയുള്ള എണ്‍പതോളം കുട്ടികള്‍ സ്വരുകൂട്ടിയ 10,000 രൂപയുമായാണ് ക്ലബ്ബ് സെക്രട്ടറി കെ.സി ഗംഗാധരന്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ സോളമന്‍, മെംബര്‍ അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളായ ഷമീന്‍ അഷ്‌റഫ്, എല്‍ദോ സണ്ണി, അമല്‍ ബാബു, എബിന്‍ ബാബു, നിതിന്‍, സിനാന്‍, അഫലുറഹ്മാന്‍ എന്നിവര്‍ ജില്ലാ കളക്ടറേറ്റിലെത്തി തുക കളക്ടര്‍ ഇന്‍ ചാര്‍ജ് കേശവേന്ദ്ര കുമാറിനെ ഏല്‍പ്പിച്ചത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അക്കാദമിയില്‍ വിപുലമായി നടത്താനിരുന്ന ഓണാഘോഷ പരിപാടികളടക്കം മാറ്റിവച്ചാണ് അംഗങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിറങ്ങിയത്. ഏഴുവര്‍ഷം മുമ്പ് ആരംഭിച്ച അക്കാദമിയിലെ വൈശാഖ് ഫുട്‌ബോളില്‍ സംസ്ഥാന സ്‌കൂള്‍ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ബേസില്‍ ബിനോയ്, ജ്യോതിസ് ജിനു എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ ജില്ലാതല സൈക്ലിംഗ് ചാംപ്യന്‍മാരുമാണ്.
