കേരളത്തിലെ മഴക്കെടുതിയില്‍ കഷ്ടപ്പെടുന്നവരെ ആത്മാര്‍ത്ഥമായി സഹായിക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ദീപക് സാവന്ദ്. ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധം, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയിലെല്ലാം സഹായിക്കും. ക്യാമ്പുകളില്‍ ദൗര്‍ലഭ്യം നേരിടുന്ന ബ്ലാങ്കറ്റ്, ബെഡ്ഷീറ്റ് എന്നിവ നല്‍കും. പ്രളയ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതികള്‍ മികച്ചതാണ്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചയിലാണ് ഡോ. ദീപക് സാവന്ദ് ഇത് വ്യക്തമാക്കിയത്.
കേരളത്തിലെ ജനങ്ങളുടെ കഷ്ടപ്പാടില്‍ സഹായവുമായെത്തിയ മഹാരാഷ്ട്ര ആരോഗ്യ മന്ത്രിക്ക് കെ.കെ. ശൈലജ ടീച്ചര്‍ നന്ദി അറിയിച്ചു. ശുചീകരണം, കുടിവെള്ളം ലഭ്യമാക്കല്‍, പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവ വലിയ ദൗത്യമാണ്. ഇതിനെല്ലാം വലിയ സഹായമാണ് കേരളം പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പ്രദീപ് വ്യാസ്, സ്റ്റേറ്റ് സര്‍വയലന്‍സ് ഓഫീസര്‍ ഡോ. പ്രദീപ് അവാറെ, പേഴ്സണല്‍ സെക്രട്ടറി മനോജ് മഹലെ എന്നിവരാണ് സംഘത്തിലുള്ളത്. പന്തളം, ചെങ്ങന്നൂര്‍, കുട്ടനാട്  പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും. രണ്ട് ദിവസം കേരളത്തിലുണ്ടാകും. മഹാരാഷ്ട്രയില്‍ നിന്നും കഴിഞ്ഞ ദിവസം 70 ഡോക്ടര്‍മാരും 20 നഴ്സുമാരും എത്തിയിരുന്നു. കൂടുതല്‍ ഡോക്ടര്‍മാരെ അയക്കാനുള്ള സന്നദ്ധതയും അറിയിച്ചിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.