പ്രളയജലമിറങ്ങിപ്പോകുന്നതോടൊപ്പം ചെളിയും മാലിന്യങ്ങളും അടിഞ്ഞ് മലിനമാക്കപ്പെട്ട വീടുകള്‍, നിരത്തുകള്‍,  പുഴകള്‍ എന്നിവ വൃത്തിയാക്കുവാന്‍ ശുചിത്വ-ഹരിതകേരള മിഷന്‍,  കുടുംബശ്രീ  വകുപ്പുകള്‍  മുന്നിട്ടിറങ്ങി.  ശുചിത്വമിഷന്‍  അകത്തേത്തറ ഗ്രാമപഞ്ചായത്തില്‍ 300 ഉം കിഴക്കഞ്ചേരിയില്‍ 34 ഉം നെന്മാറയില്‍ 200 വീടുകളും വണ്ടാഴിയില്‍ 108 വീടുകളും പുതുപരിയാരത്ത് 30 ഉം ലക്കിടിപേരൂരില്‍ 70 ഉം പറളിയില്‍ 12 വീടുകളും ശുചീകരണം നടന്നത്.  ജില്ലയിലെ 21  ഗ്രാമപഞ്ചായത്തുകളിലെ ക്യാമ്പുകളിലും വീടുകളിലുമായും 2150 വളണ്ടിയര്‍മാരും അപ്നഘറില്‍  20 വളണ്ടിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം പാകം ചെയ്യാനും ശുചീകരണത്തിനും കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്‍പന്തിയില്‍ തന്നെയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ശുചീകരണപുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സി.ഡി.എസ്അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ നിരവധി വനിതകളാണ് പങ്കാളികളാകുന്നത്. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഓരോ വാര്‍ഡുകളിലും സംഘങ്ങളായി വീടുകള്‍ കയറിയിറങ്ങി വൃത്തിയാക്കുന്നുണ്ട്.
   ചെളി അടിഞ്ഞു കൂടി ഉപയോഗശൂന്യമായ വീടുകള്‍ വാസയോഗ്യമാക്കുന്ന പണികളിലാണ് കുടുംബശ്രീ അംഗങ്ങള്‍ പ്രധാനമായും ഏര്‍പ്പെട്ടിരിക്കുന്നത്. വീടുകളില്‍ നിന്നും ചളിയും മാലിന്യങ്ങളും എടുത്തു മാറ്റുക, വീട്ടുപകരണങ്ങള്‍ കഴുകി വൃത്തിയാക്കുക, കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്യുക, പൊതുവഴികള്‍ വൃത്തിയാക്കല്‍ തുടങ്ങിയ ശുചീകരണ പ്രവൃത്തികള്‍ കാര്യക്ഷമമായാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ പൂര്‍ത്തീകരിക്കുന്നത്. അയല്‍ക്കൂട്ടങ്ങളുടെ ഒരാഴ്ച്ചത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള നടപടികളും ഇതോടൊപ്പം പൂര്‍ത്തിയായി വരുന്നു. പുഴകളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുവാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഹരിതകേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍ കൃഷ്ണന്‍ പറഞ്ഞു.