പ്രളയ ബാധിത മേഖലകളിലേക്ക് ഇന്ന് അയച്ചത് 20 ലോഡ് അവശ്യ സാധനങ്ങൾ

പ്രളയം ദുരിതം വിതച്ചയിടങ്ങളിലേക്കു തിരുവനന്തപുരത്തുനിന്ന് സഹായം ഒഴുകുന്നു. ഇന്നലെ (21 ഓഗസ്റ്റ്) മാത്രം 20 ലോഡ് അവശ്യവസ്തുക്കൾ വിവിധ ജില്ലകളിലേക്ക് അയച്ചതായി ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. പാകംചെയ്യാനുള്ള ഭക്ഷ്യ സാധനങ്ങളും ശുചീകരണ വസ്തുക്കളുമാണു കളക്ഷൻ കേന്ദ്രങ്ങളിലേക്ക് അധികമായി എത്തിയത്.

തമ്പാനൂർ എസ്.എം.വി. സ്‌കൂളിൽ പ്രവർത്തിക്കുന്ന കളക്ഷൻ കേന്ദ്രത്തിൽനിന്ന് ഒൻപത് ട്രക്കുകളിലായാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള അവശ്യ വസ്തുക്കൾ അയച്ചത്. ചെങ്ങന്നൂർ, ആലപ്പുഴ, വടക്കൻ പറവൂർ, പത്തനംതിട്ട, അടൂർ എന്നിവിടങ്ങളിലെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കാണ് സാധനങ്ങൾ കൊണ്ടുപോയത്. കൂടാതെ എയർ ഡ്രോപ്പിംഗിനായുള്ള ഒരു ലോഡ് എയർപോർട്ട് ടെക്‌നിക്കൽ ഏരിയയിലേക്ക് അയച്ചു. ശുചീകരണത്തിനാവശ്യമായ വസ്തുക്കൾക്കു പുറമേ തുണികൾ, അരി, കുടിവെള്ളം എന്നിവയും എത്തുന്നുണ്ടെന്ന് കളക്ഷൻ കേന്ദ്രത്തിന്റെ ചുമതലയുള്ള സബ് കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു.

വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിൽ നിന്ന് ഇന്ന് ഒരുലോഡ് അവശ്യവസ്തുക്കൾ ദുരന്തബാധിത ജില്ലകളിലെ വിവിധ ക്യാമ്പുകളിലേക്കായി കയറ്റി അയച്ചതായി അസിസ്റ്റന്റ് കളക്ടർ ജി. പ്രിയങ്ക പറഞ്ഞു. ശുചീകരണ സാമഗ്രികൾക്കു പുറമെ പായ, തലയണ, കുടിവെള്ളം, അരി, ഭക്ഷ്യ ധാന്യങ്ങൾ, സാനിട്ടറി നാപ്കിനുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഡയപ്പറുകൾ, തേയില, പാൽപ്പൊടി എന്നിവയാണ് കോട്ടൺഹിൽ സ്‌കൂളിലെ കളക്ഷൻ കേന്ദ്രത്തിൽ അടിയന്തിരമായി ആവശ്യമുണ്ടെന്നും അസിസ്റ്റന്റ് കളക്ടർ പറഞ്ഞു. നൂറോളം വോളന്റിയർമാരാണ് ഇന്ന് ഇവിടെയുള്ളത്.

നിശാഗന്ധി ഓഡിറ്റോറിയത്തിലെ കളക്ഷൻ കേന്ദ്രത്തിൽ നിന്ന് ആറു വാഹനങ്ങളിലായി അവശ്യസാധനങ്ങൾ പുറപ്പെട്ടിട്ടുണ്ട്. രണ്ടെണ്ണം റോഡ് മാർഗം ചെങ്ങന്നൂരേക്കും ഒരെണ്ണം ആലപ്പുഴയിലേക്കും മൂന്നെണ്ണം എയർപോർട്ട് ടെക്‌നിക്കൽ ഏരിയയിലേക്കുമാണ് പോയത്. ഭക്ഷ്യ വസ്തുക്കൾ, തുണി എന്നിവക്കു പുറമെ ശുചീകരണ സാമഗ്രികളും ഇവിടെനിന്ന് അയച്ചു. ജില്ലാ കളക്ടർ ഡോ. കെ. വാസുകി നേരിട്ടാണ് ഇവിടുത്തെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.

കോട്ടക്കകം പ്രിയദർശിനി ഹാളിലെ കളക്ഷൻ കേന്ദ്രം ഇന്ന് നാല് വാഹനങ്ങളിലായി ഭക്ഷ്യ വസ്തുക്കളും ശുചീകരണ സാമഗ്രികളും വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് കയറ്റി അയച്ചതായി ഡെപ്യൂട്ടി കളക്ടർ സാം ക്ലീറ്റസ് പറഞ്ഞു. തിരുവല്ല, റാന്നി, എന്നിവിടങ്ങളിലേക്ക് ഓരോ വാഹനങ്ങളും, എയർപോർട്ട് ടെക്‌നിക്കൽ ഏരിയയിലേക്ക് ഒരു വാഹനവും അവശ്യ സാധനങ്ങളുമായി പുറപ്പെട്ടു. മരുന്നുകൾ മാത്രമായി ഒരു വാഹനം മെഡിക്കൽ കോളജിലേക്ക് അയച്ചിട്ടുണ്ട്. അവിടെനിന്ന് വിവിധ ജില്ലകളിലെ ദുരിതാശ്വാസ കാമ്പുകളോടനുബന്ധിച്ച് പ്രവർതതിക്കുന്ന മെഡികകൽ ക്യാമ്പുകളിലേക്ക് ഇവ എത്തിക്കും.