പ്രളയ ബാധിതർക്കായുള്ള അവശ്യ സാധനങ്ങൾ ശേഖരിക്കാൻ ജില്ലയിൽ പ്രവർത്തിക്കുന്ന മൂന്നു കളക്ഷൻ കേന്ദ്രങ്ങളും ഹരിതചട്ടം പാലിച്ചു ശ്രദ്ധേയമാകുന്നു. കോർപ്പറേഷനിൽനിന്നു ജീവനക്കാരെത്തി കളക്ഷൻ കേന്ദ്രങ്ങളിലെ മാലിന്യം യഥാസമയം നീക്കം ചെയ്യുന്നുണ്ട്.

ഏറ്റവും കൂടുതൽ വോളന്റിയർമാർ പ്രവർത്തിക്കുന്ന കളക്ഷൻ കേന്ദ്രമാണ് എസ്.എം.വി. ഹയർ സെക്കന്ററി സ്‌കൂൾ. 1245 വോളന്റിയർമാരാണ് അവിടെയുള്ളത്. കോർപ്പറേഷനിൽ നിന്ന് സ്ത്രീകൾ അടക്കമുള്ള 35 തൊഴിലാളികൾ എത്തി ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പേപ്പർ, പ്ലാസ്റ്റിക് വസ്തുക്കൾ, പ്ലാസ്റ്റിക് കുപ്പികൾ, ആഹാരാവശിഷ്ടങ്ങൾ എന്നിവക്കായി നാലു പ്രത്യേക ബിന്നുകൾ സ്ഥാപിച്ചു.

കോട്ടക്കകം പ്രിയദർശിനി ഹാളിൽ 60 വോളന്റിയർമാരും, വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിൽ 200 വോളന്റിയർമാരുമാണ് ഇപ്പോഴുള്ളത്. ഈ കേന്ദ്രങ്ങളിലും മാലിന്യ നിർമാർജനം കാര്യക്ഷമമായി നടക്കുന്നതായി അധികൃതർ അറിയിച്ചു.