’24 മണിക്കൂറും പണം സ്വീകരിക്കും’

പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചെക്കായി നൽകാൻ കഴിയാത്തവർ പണമായി നൽകിയാലും സ്വീകരിക്കുമെന്ന് കാസർകോട് ജില്ലാ കളക്ടർ അറിയിച്ചു. സ്വീകരിക്കുന്ന പണത്തിന്റെ രശീതി നൽകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. എത്ര കുറഞ്ഞ തുകയായാലും 24 മണിക്കൂറും പണം സ്വീകരിക്കാൻ തയ്യാറാണ്.
പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് സംഭവിച്ചിരിക്കുന്നത്. അവരെ പുനരധിവസിപ്പിക്കുന്നതിനും പുനർനിർമ്മാണത്തിനുമായി ഭീമമായ പണം ആവശ്യമാണ്. അതിനായി എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണം. പ്രളയക്കെടുതി കാര്യമായ ബാധിക്കാത്ത ജില്ലയെന്ന നിലയിൽ കാസർകോടിന് കൂടൂതൽ കാര്യങ്ങൾ നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയും. പ്രളയക്കെടുതിയിലായവർക്ക് എത്തിക്കുന്നതിനുള്ള വിഭവസമാഹരണം ജില്ലയിലെ മൂന്നു കേന്ദ്രങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ (ആഗസ്റ്റ് 21) ഉച്ചകഴിഞ്ഞ് ബ്ലീച്ചിംഗ് പൗഡർ ഉൾപ്പെടെ നാലു ലോഡ് അവശ്യവസ്തുക്കൾ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് അയച്ചു.
രാവിലെ കളക്ടറേറ്റിൽ ചേർന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിനുശേഷം ഇവരെയും കൂട്ടി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലയിലെ മൂന്നുവിഭവകേന്ദ്രങ്ങളിൽ സന്ദർശനടത്തി. കാസർകോട് ഗവ: കോളേജ്,പടന്നക്കാട് കാർഷിക കോളേജ്, തൃക്കരിപ്പൂർ ഗവ:പോളി ടെക്‌നിക്ക് കോളേജ് എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ചത്.
പി.കരുണാകരൻ എംപി, നീലേശ്വരം, നഗരസഭ ചെയർമാൻ പ്രൊഫ.കെ.പി ജയരാജൻ എന്നിവരും വിവിധ ജനപ്രതിനിധികളും സന്നിഹിതരായിരുന്നു. പടന്നക്കാട് കാർഷിക കോളജിൽ അസോ.ഡീൻ പി.ആർ സുരേഷ്, ഫാം സുപ്രണ്ട് പി.വി സുരേന്ദ്രൻ, എൻഎസ്എസ് കോ ഓർഡിനേറ്റർ ഡോ:സംഗീത എന്നിവരും തൃക്കരിപ്പൂർ ഗവ.കോളജിൽ പ്രിൻസിപ്പാൾ എ.കെ പാർവതിയും വിദ്യാർഥികളും ഗവ.കോളജിൽ വൈസ് പ്രിൻസിപ്പാൾ സുഭാഷ്, എൻഎൻഎസ്, വിവിധ സംഘടന വാളണ്ടറിയർമാർ, സർക്കാർ ജീവനക്കാർ തുടങ്ങിയവർ സംഭരണ കേന്ദ്രത്തിൽ സജീവമാണ്. ഡെപ്യൂട്ടി തഹസിൽദാർമാരായ വി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ കാസർകോട് ഗവ.കോളജിലും എം.പവിത്രന്റെ നേതൃത്വത്തിൽ പടന്നക്കാടും ഇ.വി വിനോദിന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ഗവ. പോളി ടെക്‌നിക്കിലെ സംഭരണ കേന്ദ്രങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.