അകിലാണം ഗവ. എല്‍പി സ്‌കൂളിനെ അടച്ചുപൂട്ടലില്‍ നിന്ന് മികവിന്റെ കേന്ദ്രമാക്കി സര്‍ക്കാര്‍. ആധുനിക രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടം ഫെബ്രുവരി ഒന്‍പതിന് മന്ത്രി എം ബി രാജേഷ് വിദ്യാര്‍ത്ഥികള്‍ക്ക് തുറന്ന് നല്‍കും.

1928 ല്‍ എളാട്ടു വളപ്പില്‍ രാവുണ്ണി നായര്‍ സ്ഥാപിച്ച അകിലാണം ഗവ. എല്‍.പി സ്‌കൂള്‍ ഓടിട്ട കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ആദ്യ കാലത്ത് വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നെങ്കിലും നവീകരണ പ്രവര്‍ത്തനത്തിന്റെ അപര്യാപ്തതയും പരിമിത സൗകര്യങ്ങളാലും വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു. തുടര്‍ന്ന് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട വിദ്യാലയത്തെ 2000 ത്തില്‍ തിരുമിറ്റക്കോട്ട് ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു. സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായും മന്ത്രി എം ബി രാജേഷിന്റെ ഇടപെടലിലൂടെ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി. ഓടിട്ട് ശോചനീയാവസ്ഥയിലായിരുന്ന കെട്ടിടത്തിനു പകരം വിദ്യാഭ്യഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 90 ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക സൗകര്യത്തോടെ പുതിയ കെട്ടിടം നിര്‍മ്മിച്ചു. ഒന്നര വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനും കഴിഞ്ഞു. ഇരു നില കെട്ടിടത്തില്‍ നാല് ക്ലാസ് മുറികളുണ്ട്.

നിലവില്‍ പ്രീപ്രൈമറി തലത്തിലെ 13 കുട്ടികളുള്‍പ്പെടെ 58 വിദ്യാര്‍ത്ഥികളും ആറ് അധ്യാപകരും അകിലാണം ഗവ. എല്‍ പി സ്‌കൂളിലുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം സര്‍ക്കാരിന്റെ പിന്തുണയിലൂടെ പഠനത്തിലും പാഠ്യേതര രംഗത്തും മുന്നിട്ടു നില്‍ക്കുന്ന വിദ്യാലയമായി മാറാന്‍ ഈ എല്‍ പി വിദ്യാലയത്തിന് കഴിഞ്ഞു.