സംസ്ഥാനത്തുണ്ടായ പ്രളക്കെടുതികളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ സേവകരായെത്തുന്ന വിദ്യാർഥികൾക്ക് ഈ ദിവസങ്ങളിൽ ഹാജർ നൽകാൻ വിദ്യാഭ്യാസ സ്ഥാപന മേലധികാരികൾക്കു ജില്ലാ കളക്ടർ ഡോ. കെ. വാസുകി നിർദേശം നൽകി.

കളക്ഷൻ സെന്ററുകൾ, ദുരിതാശ്വാസ ക്യാമ്പുകൾ, വിമാനത്താവളത്തിലെ കാർഗോ കേന്ദ്രം, വ്യോമസേനയുടെ ടെക്‌നിക്കൽ ഏരിയ എന്നിവിടങ്ങളിൽ നൂറുകണക്കിനു വിദ്യാർഥികളാണു വൊളന്റിയർമാരായി സേവനം ചെയ്യുന്നത്. ഇവരുടെ നിസ്വാർഥ സേവനം വിലമതിക്കാനാവാത്തതാണെന്നും ഹാജർ നൽകണമെന്ന നിർദേശം പാലിക്കാത്ത സ്ഥാപന മേലധികാരികൾക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടിയെടുക്കുമെന്നും കളക്ടർ അറിയിച്ചു.