പ്രളയ ബാധിത മേഖലകളിലെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വ്യാജ സന്ദേശങ്ങൾ പരക്കുന്നതു തടയുന്നതിനുമായി തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പിന്റെ മാധ്യമ നിരീക്ഷണ കേന്ദ്രം പ്രവർത്തനം തുടങ്ങി. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് തുറന്ന 24 മണിക്കൂർ കൺട്രോൾ റൂമിനോടു ചേർന്നാണ് മാധ്യമ നിരീക്ഷണ കേന്ദ്രം പ്രവർത്തിക്കുന്നത്.
രോഗപ്പകർച്ച സംബന്ധിച്ചും ആരോഗ്യ പരമായ മറ്റു കാര്യങ്ങളെക്കുറിച്ചും മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വരുന്ന വാർത്തകളും പരാതികളും നിരീക്ഷിക്കുകയും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയുമാണ് നിരീക്ഷണ കേന്ദ്രത്തിന്റെ പ്രധാന ചുമതല. മരുന്ന് ക്ഷാമം, അത്യാഹിതം തുടങ്ങിയ പ്രശ്‌നങ്ങളും വേഗത്തിൽ പരിഹരിക്കാനാകും. പകർച്ചവ്യാധികൾ പടരുന്നതു തടയാനും ഏതെങ്കിലും മേഖലകളിൽ രോഗബാധ റിപ്പോർട്ട് ചെയ്താൽ സമയബന്ധിതമായി പ്രതിരോധ നടപടികൾ സ്വീകരിക്കാനും ഇതു വഴി കഴിയും.
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ 24 മണിക്കൂർ കൺട്രോൾ റൂമും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ടോൾ ഫ്രീ നമ്പർ 1800 123 1454. ഇ-മെയിൽ dhsdisastercontrol@gmail.com