മലയാളത്തിന്റെ മഹാനടൻ മധുവിന്റെ 89-ാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവനും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറും എത്തി. തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിലെത്തിയാണ് ഇരുവരും പ്രിയനടന് ആശസംകൾ നേർന്നത്.

ഇന്നലെയാണ് (സെപ്റ്റംബർ 23) മലയാള സിനിമയുടെ കാരണവർക്ക് 89 വയസ് പൂർത്തിയായത്. രാവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയ മന്ത്രി വി.എൻ. വാസവൻ പൊന്നാടയണിയിച്ച് അദ്ദേഹത്തെ ആദരിച്ചു. ലാഭനഷ്ടങ്ങൾ നോക്കാതെ കലാ മൂല്യം നോക്കിയ നിർമാതാവ്, വ്യത്യസ്തത ആഗ്രഹിച്ച സംവിധായകൻ, മണ്ണിനെ സ്നേഹിച്ച മികച്ച കർഷകൻ, കഥാപാത്രങ്ങളുടെ ഉള്ളറിഞ്ഞ അഭിനേതാവ് ഇങ്ങനെ വ്യത്യസ്തങ്ങളായ മേഖലകളിൽ വെന്നിക്കൊടി നാട്ടിയ അപൂർവ പ്രതിഭയാണു നടൻ മധുവെന്നും നവരസങ്ങൾ ചാലിച്ച് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നടന വിസ്മയത്തിന് ഹൃദ്യമായ പിറന്നാൾ ആശംസകൾ നേരുന്നതായും മന്ത്രി പറഞ്ഞു.

വൈകിട്ട് അഞ്ചു മണിയോടെയാണ് നിയമസഭാ സ്പീക്കർ എത്തിയത്. പിറന്നാൾ ആശംസകൾ അറിയിച്ച സ്പീക്കർ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. പൂച്ചെണ്ടും കൈമാറി. തുടർന്നു പരസ്പരം വിശേഷങ്ങൾ പറഞ്ഞു പത്തു മിനിറ്റോളം കൂടിക്കാഴ്ചയും. രാഷ്ട്രീയ, സിനിമ, സാംസ്‌കാരിക രംഗത്തെ മറ്റു നിരവധി പ്രമുഖരും ഇന്നലെ അദ്ദേഹത്തിന്റെ വസതിയിൽ ആശംസകളറിയിക്കാൻ എത്തിയിരുന്നു.