ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ 2017 സംബന്ധിച്ച് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും നേരിട്ട് ഹര്‍ജികള്‍ സ്വീകരിക്കുന്നതിനായി നിയമസഭയുടെ ആരോഗ്യവും കുടുംബക്ഷേമവും സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി യോഗം എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ നടന്നു. ആരോഗ്യമേഖലയിലെ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ആക്ഷേപങ്ങളും പരാതികളും കേള്‍ക്കുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.
ആരോഗ്യമേഖലയിലെ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്നും വ്യാജ ചികിത്സ നടത്തുന്നവരെ തടയുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പൊതുജനങ്ങളുടെയും മേഖലയിലെ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും അഭിപ്രായം സ്വരൂപിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തി കുറ്റമറ്റ ബില്ലായിരിക്കും നിയമസഭയില്‍ അവതരിപ്പിക്കുക. അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.
ആരോഗ്യസ്ഥാപനങ്ങളുടെ സേവനം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനത്തില്‍ ഏവരുടെയും കൂട്ടായ ശ്രമം ആവശ്യമാണ്. അലോപ്പതി, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കും. ഫാര്‍മസി, ലാബറട്ടറി തുടങ്ങിയ വിവിധ മേഖലകളുടെ പ്രതിനിധികളെ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ പരമാവധി ശ്രമിക്കും. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യസംരക്ഷണ മാതൃകയാണ് കേരളത്തിലുള്ളത്. സ്വകാര്യ, ചെറുകിട ആശുപത്രികള്‍ ഇതില്‍ പങ്കുവഹിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ ഉയര്‍ന്ന വിദ്യാഭ്യാസ, സാംസ്‌കാരിക നിലവാരം, ആരോഗ്യമേഖലയിലെ നിയമനിര്‍മ്മാണം തുടങ്ങിയ ഘടകങ്ങളും നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മറ്റു സ്ഥാപനങ്ങളും കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ഇതിനായുള്ള മിനിമം മാനദണ്ഡങ്ങളില്‍ മാറ്റമുണ്ടാകില്ല. രജിസ്‌ട്രേഷന്‍ ലഭിക്കണമെങ്കില്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കണം. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഹാന്‍ഡ് വാഷ് പ്രോട്ടോക്കോള്‍ പോലുള്ള കാര്യങ്ങള്‍ പോലും ചെയ്യാത്തത് കുറ്റകരമായ അനാസ്ഥയാണ്. പാരമ്പര്യ ചികിത്സാ മേഖലയിലെ അറിവുകള്‍ സംരക്ഷിക്കപ്പെടണം. അതേസമയം വ്യാജ ചികിത്സകരെ ഒഴിവാക്കും. ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ മേഖലയില്‍ തൊഴില്‍ സംരക്ഷണം ഉറപ്പാക്കും. ആവശ്യമായ തൊഴില്‍ പരിശീലനം നല്‍കി കൂടെ നിര്‍ത്തും. മനുഷ്യജീവന്‍ നിലനിര്‍ത്തുന്ന സ്ഥാപനങ്ങളെന്ന നിലയില്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് സര്‍വീസുകളെ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരം ഗുണനിലവാരമുള്ള സേവനം ലഭ്യമാക്കുന്ന വിധത്തിലായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു.
വ്യവസ്ഥാപിതമായ രീതിയിലല്ലാതെ ഒരു ആരോഗ്യ സ്ഥാപനവും പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കും. നിലവില്‍ സ്വകാര്യ ലാബറട്ടികളിലും മറ്റും പ്രവര്‍ത്തിച്ചുവരുന്ന ടെക്‌നീഷ്യന്‍മാരുടെ യോഗ്യത നിര്‍ണ്ണയിക്കുന്നതിന് തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് സര്‍ട്ടിഫിക്കേഷന്‍ ഏര്‍പ്പെടുത്തും. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗിന്റെ സഹകരണവും പ്രയോജനപ്പെടുത്തും. നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ എടുക്കുന്നതിന് രണ്ടു വര്‍ഷത്തെ സമയം അനുവദിക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പരിശോധിക്കുന്ന സമിതിയില്‍ ബന്ധപ്പെട്ട ഗ്രൂപ്പിന് പ്രാതിനിധ്യമുണ്ടാകും. രണ്ടു വര്‍ഷത്തെ താത്കാലിക രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പ് നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ നടപ്പാക്കി സ്ഥിര രജിസ്‌ട്രേഷന്‍ എടുക്കണം. എന്‍എബിഎച്ച്, എന്‍എബിഎല്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയവര്‍ക്ക് മറ്റു പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വരില്ല. വളരെയധികം മുതല്‍മുടക്കി മാത്രമേ എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ സ്വന്തമാക്കാന്‍ കഴിയൂ. എന്നാല്‍ ഇത് പരിഹാരമായി എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷനും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അവയെ ശ്വാസം മുട്ടിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കരുതെന്നും ഉള്ള അഭിപ്രായങ്ങള്‍ യോഗത്തിലുയര്‍ന്നു.
രോഗനിര്‍ണ്ണയം, മുന്‍കരുതല്‍, പരിശോധന തുടങ്ങിയവയെല്ലാം 70% വും നടക്കുന്നത് സ്വകാര്യമേഖലയിലാണെന്നും മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കുന്ന സമിതിയില്‍ പ്രാതിനിധ്യമില്ലെന്നും മെഡിക്കല്‍ ലാബറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എ. വര്‍ക്കി പറഞ്ഞു. ചെറിയ ലാബുകളെ സംരക്ഷിക്കണം. ലാബുകളുടെ പരിശോധന നടത്തേണ്ടത് അനുഭവ പരിചയമുള്ള വിദഗ്ധരായിരിക്കണം. സര്‍ക്കാരിന്റെ ലൈസന്‍സിംഗ് ബോഡിയാകരുത്.
പാരമ്പര്യ വൈദ്യ ചികിത്സകരെക്കുറിച്ച് ബില്ലില്‍ പരാമര്‍ശിക്കുന്നില്ലെന്ന പരാതിയാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സുലൈമാന്‍ വൈദ്യര്‍ ഉന്നയിച്ചത്. വ്യാജന്മാരെ കണ്ടെത്തണം. അതിന്റെ പേരില്‍ പാരമ്പര്യ വൈദ്യ ചികിത്സ ഇല്ലാതാക്കരുത്. ആയുഷ് മുഖേന പാരമ്പര്യ ചികിത്സകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കണം. 60 വയസ് കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ ആരോഗ്യമേഖലയില്‍ 70% സ്വകാര്യ ആശുപത്രികളാണെന്നും അവരുടെ പ്രതിബദ്ധത സര്‍ക്കാര്‍ മനസിലാക്കണമെന്നും ചെറുകിട സ്വകാര്യ ആശുപത്രികളെ സംരക്ഷിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ അനുമതികള്‍ക്ക് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
എക്‌സ് റേ, എംആര്‍ സ്‌കാനിംഗ് മുതലായ രോഗനിര്‍ണ്ണയ രീതികളില്‍ രോഗികള്‍ക്ക് റേഡിയേഷന്‍ ഏല്‍ക്കുന്നതുമായി ബന്ധപ്പെട്ട് ബില്ലില്‍ വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്നും ഇതിനായി സീനിയര്‍ റേഡിയോഗ്രാഫറെ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഒക്യുപേഷണല്‍ തെറാപ്പിയുമായി ബന്ധപ്പെട്ട് സ്വകാര്യമേഖലയില്‍ നിന്നുള്ള ചൂഷണം അവസാനിപ്പിക്കാന്‍ ബില്ലില്‍ ആരോഗ്യസ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് നിര്‍ദിഷ്ട യോഗ്യത നിര്‍ബന്ധമാക്കി വ്യാജന്മാരെ തടയണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.
സ്വകാര്യ ദന്തല്‍ ക്ലിനിക്കുകളിലെ ഫീസ് നിരക്കുകള്‍ ഏകീകരിക്കണമെന്നും കൃത്രിമ പല്ല് നിര്‍മ്മിക്കുന്നതിന് നിരോധിത ലോഹങ്ങള്‍ ഉപയോഗിക്കുന്നത് തടയണമെന്നും ദന്തല്‍ ക്ലിനിക്കുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യമുന്നയിച്ചു.
വര്‍ഷങ്ങളായി പ്രാക്ടീസ് ചെയ്യുന്ന രജിസ്റ്റര്‍ ചെയ്യാത്ത പ്രാക്ടീഷണേഴ്‌സിന് നിയമം വന്നതിനു ശേഷം തുടരാന്‍ കഴിയുമോ എന്ന് ഓള്‍ കേരള ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധി ആശങ്ക രേഖപ്പെടുത്തി. സ്ഥിരം രജിസ്‌ട്രേഷന്‍ എടുക്കേണ്ട സമയത്തെ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണം. ഇന്ത്യന്‍ ഡെന്റിസ്റ്റ് ആക്ടിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദന്ത ചികിത്സകരെ പ്രത്യേക വിഭാഗമായി കണക്കാക്കണമെന്ന് ഡെന്റല്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. സജി വര്‍ഗീസ് ആവശ്യപ്പെട്ടു. ദന്ത ചികിത്സാരംഗത്ത് ലോകത്തില്‍ രണ്ടാമത്തെ ഏറ്റവും മികച്ച സാങ്കേതികവിദ്യ കേരളത്തിലാണുള്ളത്. ചെലവ് ഏറ്റവും കുറവും.
ലാബുകളുടെ പ്രവര്‍ത്തനവും ഓരോ പരിശോധനകള്‍ക്കുള്ള ഫീസ് നിരക്കും സംബന്ധിച്ച് ഹൈക്കോടതി വിധി നിലവിലുണ്ടെന്നും ഇത് നടപ്പാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ഒക്യപേഷഷണല്‍ തെറാപിസ്റ്റുകളുടെ സേവനത്തിന് റെഗുലേറ്ററി സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കേരള ഒക്യുപേഷണല്‍ തെറാപ്പി അസോസിയേഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ഫോറത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്ന് കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ സെക്രട്ടറി ഫാ. ഷൈജു ആവശ്യപ്പെട്ടു.
രോഗികള്‍ക്ക് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്കെതിരേ പരാതി നല്‍കുന്നതിനും പരിഹരിക്കുന്നതിനുമുള്ള സംവിധാനമുണ്ടാകണമെന്ന് പൊതുപ്രവര്‍ത്തകന്‍ അരുണ്‍ ആവശ്യപ്പെട്ടു.
ഡോക്ടര്‍മാരുടെ യോഗ്യത സംബന്ധിച്ച് കേന്ദ്ര കൗണ്‍സിലിന്റെ നിര്‍ദേശം അനുസരിച്ചായിരിക്കണം ബില്ലിലെ വ്യവസ്ഥകളെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. രോഗികള്‍ക്കായുള്ള മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അവകാശം ഡോക്ടര്‍മാരില്‍ നിലനിര്‍ത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍, ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ, പ്രൈവറ്റ് ആയുര്‍വേദ ഡോക്ടേഴ്‌സ് അസോസിയേഷന്‍, ആയുര്‍വേദ മെഡിസിന്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.
എം.എല്‍.എമാരായ എ.കെ. ശശീന്ദ്രന്‍, പ്രതിഭ ഹരി, പി.കെ. ബഷീര്‍, ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുളള, സ്‌റ്റേറ്റ് ഹെല്‍ത്ത് റിസോഴ്‌സ് സെന്റര്‍ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഷിനു കെ.എസ്, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കമല, ഡിഎംഒ ഡോ. എന്‍.കെ. കുട്ടപ്പന്‍, ഡോ. ജെ. ബോബന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.