സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പത്രങ്ങളും പുസ്തകങ്ങളും ഉള്‍പ്പെടെ ആനുകാലികങ്ങള്‍ സ്ഥിരമായി വായിക്കുകയും അതുവഴി നല്ല മലയാളം ശീലമാക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. ഔദ്യോഗിക ഭാഷാ വാരാചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഭരണഭാഷയായ മലയാളത്തിന്റെ വ്യാപനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഫയല്‍ എഴുതുന്നത് നല്ല മലയാളത്തിലേക്ക് പൂര്‍ണമായി മാറ്റണമെന്നും കളക്ടര്‍ പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികളുടെ വാര്‍ത്താ വായന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പുറമറ്റം ഗവണ്‍മെന്റ് വൊക്കഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കെ.കെ. അഞ്ജലി, രണ്ടാം സ്ഥാനം നേടിയ പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അരുണ വി. നായര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഫയല്‍ എഴുത്ത് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വി. സൂസന്‍, രണ്ടാം സ്ഥാനം നേടിയ ആര്‍. സന്തോഷ് കുമാര്‍, കേട്ടെഴുത്ത് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എസ്. ദീപ്തി, രണ്ടാം സ്ഥാനം പങ്കിട്ട കെ. മുഹമ്മദ് ഷെബീര്‍, എം.ജി.ശ്രീകല, കവിതാലാപന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സൂസന്‍ ഇ.ജേക്കബ്, രണ്ടാം സ്ഥാനം നേടിയ അനീഷ് എന്നിവര്‍ക്ക് പ്രശംസാപത്രവും കാഷ് അവാര്‍ഡും കളക്ടര്‍ നല്‍കി.
ചടങ്ങില്‍ ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ പി.ടി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി കളക്ടര്‍മാരായ എന്‍. ജയശ്രീ, ആര്‍.ഐ. ജ്യോതിലക്ഷ്മി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, അസിസ്റ്റന്‍ഡ് എഡിറ്റര്‍ പി.ആര്‍. സാബു, ഹുസൂര്‍ ശിരസ്തദാര്‍ സാജന്‍ വി. കുര്യാക്കോസ്, എല്‍.എ സ്‌പെഷല്‍ തഹസീല്‍ദാര്‍ വി.ടി. രാജന്‍ എന്നിവര്‍ പങ്കെടുത്തു.