ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള  ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ഡിസംബര്‍ എട്ടിന് വൈകിട്ട് നിശാഗന്ധിയില്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും.  പ്രശസ്ത ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യാതിഥിയായിരിക്കും.
വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സോകുറോവിനെസമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കും. ഉദ്ഘാടന ദിവസം അദ്ദേഹത്തിന് എത്താന്‍ കഴിയാത്തതിനാല്‍ പുരസ്‌കാരം സമാപന ചടങ്ങില്‍ മുഖ്യമന്ത്രി നല്‍കും. സോകുറോവിന്റെ ആറു ചിത്രങ്ങള്‍ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കും.  ഫിലിപ്പിനോ സംവിധായകനായ ലിനോ ബ്രോക്ക, കെ.പി. കുമാരന്‍ എന്നിവരുടെ റെട്രോസ്‌പെക്ടീവും മേളയില്‍ ഉണ്ടാവും.  കണ്ടംപററി മാസ്റ്റേഴ്‌സ് ഇന്‍ ഫോക്കസ് എന്ന  വിഭാഗത്തില്‍ ആഫ്രിക്കന്‍ രാജ്യമായ ചാഡില്‍ നിന്നുള്ള സംവിധായകന്‍ മഹമ്മദ് സാലിഹ് ഹറൂണ്‍, മെക്‌സിക്കന്‍ സംവിധായകന്‍ മിഷേല്‍ ഫ്രാങ്കോ എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ആറ് സിനിമകള്‍ ഐഡന്റിറ്റി ആന്റ് സ്‌പേസ് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. സമകാലിക ഏഷ്യന്‍ സിനിമ, ജാപ്പനീസ് അനിമേഷന്‍, റിസ്റ്റോര്‍ഡ് ക്ലാസിക്‌സ്, ജൂറി ഫിലിംസ് എന്നിവയാണ് മറ്റു പാക്കേജുകള്‍.
  പ്രേംശങ്കര്‍ സംവിധാനം ചെയ്ത രണ്ടു പേര്‍, സഞ്ജു സുരേന്ദ്രന്റെ ഏദന്‍ എന്നിവയാണ് മത്സര വിഭാഗത്തിലുള്ള മലയാള ചിത്രങ്ങള്‍.  മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കറുത്ത ജൂതന്‍, അങ്കമാലി ഡയറീസ്, മറവി, അതിശയങ്ങളുടെ വേനല്‍, നായിന്റെ ഹൃദയം എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
മത്സര വിഭാഗത്തില്‍ ഹിന്ദി ചിത്രമായ ന്യൂട്ടണ്‍, ആസാമീസ് ചിത്രമായ വില്ലേജ് റോക്സ്റ്റാര്‍സ് എന്നീ  ഇന്ത്യന്‍ ചിത്രങ്ങളുണ്ട്.  ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഏഴു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഈ വര്‍ഷം വിട്ടുപിരിഞ്ഞ സംവിധായകരായ കെ.ആര്‍.മോഹനന്‍, ഐ.വി.ശശി, കുന്ദന്‍ഷാ, നടന്‍ ഓംപുരി എന്നിവര്‍ക്ക് സ്മരാണഞ്ജലിയര്‍പ്പിച്ചുകൊണ്ട് അവരുടെ ശ്രദ്ധേയമായ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
ഡെലിഗേറ്റ് ഫീ ഇത്തവണ 650 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.  വിദ്യാര്‍ത്ഥികള്‍ക്ക് 350 രൂപയാണ് ഫീസ്.  14 തിയേറ്ററുകളിലാണ് ഇത്തവണ പ്രദര്‍ശനം.  സുരക്ഷാ കാരണങ്ങളാലും തിയേറ്ററുകള്‍ മുന്നോട്ടുവച്ച നിബന്ധന പ്രകാരവും സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ചു മാത്രമേ തിയറ്ററുകളില്‍ പ്രവേശനം അനുവദിക്കുകയുളളു.  തറയില്‍ ഇരുന്നോ നിന്നോ കാണാന്‍ അനുവദിക്കില്ല.  14 തിയേറ്ററുകളിലായി 8048 സീറ്റുകളാണുളളത്.  പരമാവധി 10,000 പാസുകള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂ.  പൊതുവിഭാഗത്തില്‍ 7,000, വിദ്യാര്‍ത്ഥികള്‍ക്കും സിനിമ, ടി.വി പ്രൊഫഷനലുകള്‍ക്കും 1000 വീതം, മീഡിയക്കും ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്കും 500 വീതം പാസുകളാണ്  നിശ്ചയിച്ചിരിക്കുന്നത്.  അക്കാദമിയുടെ പ്രസിദ്ധീകരണമായ ചലച്ചിത്ര സമീക്ഷയുടെ വരിക്കാര്‍ക്ക് പൊതുവിഭാഗത്തില്‍ മുന്‍ഗണനയുണ്ടാവും.
ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും.  വിദ്യാര്‍ത്ഥികള്‍:നവംബര്‍ 10 മുതല്‍ 12 വരെ, പൊതുവിഭാഗം: 13 മുതല്‍ 15 വരെ, സിനിമ, ടി.വി പ്രൊഫഷനലുകള്‍: 16 മുതല്‍ 18 വരെ, ഫിലിംസൊസൈറ്റി പ്രവര്‍ത്തകര്‍: 19 മുതല്‍ 21 വരെ, മീഡിയ: 22 മുതല്‍ 24 വരെ എന്നീ ക്രമത്തിലാണ് രജിസ്‌ട്രേഷന്‍.
ഓരോ വിഭാഗത്തിനും അനുവദിച്ച തീയതിക്കുളളില്‍ ഡെലിഗേറ്റ്ഫീ അടച്ചിരിക്കണം.  നിശ്ചിത തീയതികളില്‍ ആദ്യം പണമടയ്ക്കുന്നവര്‍ക്ക് മാത്രമേ രജിസ്‌ട്രേഷന്‍ ലഭിക്കുകയുളളു.  വെബ്‌സൈറ്റില്‍ അപ്ലൈ ഫോര്‍ ദ ഇവന്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണമടച്ചാല്‍ മാത്രമേ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുകയുളളു. നേരത്തെ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്ക് പഴയ യൂസെര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം.  ഓണ്‍ലൈന്‍ വഴിയും അക്ഷയ ഇ -കേന്ദ്രങ്ങള്‍ വഴിയും പണമടയ്ക്കാം.
തിയേറ്ററുകളില്‍ പതിവുപോലെ റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരിക്കും.  60 ശതമാനം സീറ്റുകള്‍ റിസര്‍വു ചെയ്യാം.  അംഗപരിമിതരെയും 70 വയസു കഴിഞ്ഞവരെയും (സീനിയര്‍ സിറ്റീസണ്‍) ക്യൂവില്‍ നിര്‍ത്താതെ പ്രവേശനം നല്‍കും.  അംഗപരിമിതര്‍ക്കായി എല്ലാ തിയേറ്ററുകളിലും റാമ്പുകള്‍ നിര്‍മ്മിക്കും. അംഗപരിമിതര്‍ക്ക് വാഹനം പാര്‍ക്കു ചെയ്യാന്‍ പ്രത്യേക സ്ഥലം ലഭ്യതയ്ക്കനുസരിച്ച് അനുവദിക്കും.  ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് രജിസ്‌ട്രേഷന്‍ ഫോമില്‍ ജെന്‍ഡര്‍ രേഖപ്പെടുത്താനുളള കോളം ഉണ്ടായിരിക്കും.
വിദ്യാര്‍ത്ഥികള്‍ക്കുളള വിഭാഗത്തില്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കുന്നവര്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുളള സാക്ഷ്യപത്രമോ ഐഡി കാര്‍ഡോ അപ്‌ലോഡ് ചെയ്യണം.  സിനിമാ, ടി.വി മേഖലയിലുളളവര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ബന്ധപ്പെട്ട സംഘടനയില്‍ നിന്നുളള ഐഡി കാര്‍ഡ്/ സംവിധായകരുടെ സാക്ഷ്യപത്രവും  അപ്‌ലോഡ് ചെയ്യണം.  സംഘടനകളില്‍ ഉള്‍പ്പെടാത്തവര്‍ അവരുടെ ബയോഡേറ്റ രജിസ്‌ട്രേഷന്‍ സമയത്ത് സമര്‍പ്പിക്കണം.
നവംബര്‍ 10ന് ശാസ്തമംഗലത്തുളള ചലച്ചിത്ര അക്കാദമി ഓഫീസില്‍ ഡെലിഗേറ്റ് സെല്‍ പ്രവര്‍ത്തനം ആരംഭിക്കും.  ഡിസംബര്‍ 4ന് ടാഗോര്‍ തിയേറ്ററില്‍ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവല്‍ ഓഫീസും ഉദ്ഘാടനം ചെയ്യും.  പാസ് വിതരണം അന്ന് ആരംഭിക്കും.  ചലച്ചിത്രമേളയുടെ പ്രചാരണാര്‍ത്ഥം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ചു മേഖലാ കേന്ദ്രങ്ങള്‍ വഴി നവംബര്‍ 10ന് ആരംഭിക്കുന്ന ടൂറിംഗ് ടാക്കീസിന്റെ ചലച്ചിത്ര പ്രദര്‍ശനങ്ങളുടെ സമാപനം ഡിസംബര്‍ മൂന്നിന് ശംഖുമുഖത്ത് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും.  കരിന്തലകൂട്ടത്തിന്റെ സംഗീത പരിപാടി മുഖ്യ ആകര്‍ഷണമായിരിക്കും.
ചലച്ചിത്രമേളയോടനുബന്ധിച്ച് ഡിസംബര്‍ ഒന്‍പത് മുതല്‍ 14 വരെ  വൈകിട്ട് ആറ് മണിക്ക് ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും.  ഡല്‍ഹിയില്‍ നിന്നുളള ഖുത്ബി  ബ്രദേഴ്‌സിന്റെ ഖവ്വാലി, ബംഗാളില്‍ നിന്നുളള ബാവുല്‍ ഗാനങ്ങള്‍,  ബംഗളൂരു, മദ്രാസ്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുളള  മ്യൂസിക് ബാന്‍ഡുകളുടെ സംഗീത പരിപാടി, മാനവീയം കൂട്ടായ്മയുടെയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെയും കലാപരിപാടികള്‍, അഭിനയ തിയേറ്റര്‍ ഗ്രൂപ്പിന്റെ മ്യൂസിക്കല്‍ പ്ലേ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ഡിസംബര 15 ന് വൈകിട്ട് നിശാഗന്ധിയില്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
മേളയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ദൂരസ്ഥലങ്ങളിലുളള സിനിമാസ്വാദകര്‍ക്കായി മലബാര്‍, മധ്യകേരള മേഖലകളില്‍ ജനുവരി അവസാനമോ ഫെബ്രുവരി ആദ്യവാരമോ മേഖലാ ചലച്ചിത്രോത്സവങ്ങള്‍ സംഘടിപ്പിക്കുമെന്നും  ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പറഞ്ഞു.
2018 മലയാള സിനിമയുടെ നവതി വര്‍ഷമായി വിവിധ പരിപാടികളോടെ ആഘോഷിക്കും.  സിനിമാ സംബന്ധിയായ  പുസ്തകങ്ങള്‍  പ്രസിദ്ധീകരിക്കുക,    വിവരങ്ങള്‍ ശേഖരിക്കുക ,  സിനിമകള്‍  ആര്‍ക്കൈവ് ചെയ്യുക തുടങ്ങി നിരവധി പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി  നടത്തുമെന്ന് കമല്‍ പറഞ്ഞു.  ചലച്ചിത്ര അക്കാദമി വൈസ്‌ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍,  സെക്രട്ടറി മഹേഷ് പഞ്ചു, ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാംസ്) എന്‍.പി. സജീഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ (ഫെസ്റ്റിവല്‍) ഷാജി എച്ച.് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.