കേരളത്തെ ഹാർഡ്‌വേർ ഉല്പാദനത്തിന്റെ കേന്ദ്രമായി മാറ്റാനുളള സാധ്യത പ്രയോജനപ്പെടുത്തുന്നതിന് പ്രമുഖ ആഗോള ഹാർഡ്‌വേർ കമ്പനിയായ ഇന്റൽ ഇന്ത്യയുമായും പ്രമുഖ സാങ്കേതിക സേവന കമ്പനിയായ യു.എസ്.ടി ഗ്ലോബലുമായും കേരള സർക്കാർ ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാനത്തെ ഇലക്‌ട്രോണിക് ഹാർഡ്‌വേർ വ്യവസായങ്ങളുടെ ആവാസവ്യവസ്ഥ വികസിപ്പിച്ചെടുക്കുന്നതിനുളള പദ്ധതി കേരള ഹാർഡ്‌വേർ മിഷൻ, കെൽട്രോൺ എന്നിവയുമായി ചേർന്ന് ഇന്റലും യു.എസ്.ടി ഗ്ലോബലും തയ്യാറാക്കും. ലാപ്‌ടോപ്പുകൾ, സർവർ ഘടകങ്ങൾ മുതലായവ ഉൽപാദിപ്പിച്ച് വിപണനം ചെയ്യുന്നതിന് കേരളത്തിന് വലിയ സാധ്യതകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. പഠന റിപ്പോർട്ട് ഡിസംബർ 31-ന് മുമ്പ് സർക്കാരിന് സമർപ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ഇന്റലുമായും യു.എസ്.ടി ഗ്ലോബലുമായും സംസ്ഥാന ഐടി വകുപ്പ് ധാരണാപത്രം ഒപ്പിട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ഐ.ടി. സെക്രട്ടറി എം.ശിവശങ്കർ, ഇന്റൽ ഇന്ത്യ മാർക്കറ്റിങ് വിഭാഗം എം.ഡി. പ്രകാശ് മല്യ, ഇന്റൽ ഇന്ത്യ സ്ട്രാറ്റജിക് ഡവലപ്‌മെന്റ് ഡയറക്ടർ ജിതേന്ദ്ര ചദ്ദ, യു.എസ്.ടി. ഗ്ലോബൽ സെമി കണ്ടക്ടർ ഡിവിഷൻ തലവൻ ഗിൽറോയ് മാത്യു, ഹാർഡ്‌വേർ മിഷൻ സ്‌പെഷ്യൽ ഓഫീസർ ഡോ. ജയശങ്കർ പ്രസാദ്, കെൽട്രോൺ എം.ഡി. ഹേമലത തുടങ്ങിയവർ പങ്കെടുത്തു. ഇലക്‌ട്രോണിക് ഹാർഡ്‌വേർ വ്യവസായ പദ്ധതി നടപ്പാക്കാൻ സ്വകാര്യ കമ്പനികളുമായി ചേർന്ന് സംയുക്ത സംരംഭം ആരംഭിക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ഇന്റൽ, യു.എസ്.ടി ഗ്ലോബൽ എന്നീ കമ്പനികളുടെ നിർമാണ വൈദഗ്ധ്യം ഇതിനുവേണ്ടി പ്രയോജനപ്പെടുത്തും. ഈ രംഗത്ത് കേരളത്തിനുളള സാങ്കേതിക പോരായ്മകൾ കണ്ടെത്തി പരിഹരിക്കും.
കേരളത്തിൽ ഹാർഡ്‌വേർ വ്യവസായം വികസിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ലക്ഷ്യം നേടാനാണ് ഹാർഡ്‌വേർ മിഷൻ രൂപീകരിച്ചത്. ഇന്റൽ, യു.എസ്.ടി ഗ്ലോബൽ എന്നിവയുമായി ഒപ്പിട്ട ധാരണാപത്രം ഈ ദിശയിലുളള പ്രധാന ചുവടുവയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു.