400 വോളന്റിയർമാർ മുഴുവൻ സമയവും

സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തി അൻപോട് ട്രിവാൻട്രം കൂട്ടായ്മ

കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജില്ലകൾക്കായി വഴുതക്കാട് വിമൻസ് കോളേജിലെ കളക്ഷൻ സെന്ററിൽ നിന്നു മാത്രം എത്തിച്ചത് 50 ലോഡ് അവശ്യവസ്തുക്കൾ. കേരള പോലീസ് ഫാമിലിയുടെയും ശ്രീമൂലം ക്ലബ്ബിന്റെയും അൻപോട് ട്രിവാൻട്രം എന്ന കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് ഇവിടെ കളക്ഷൻ സെൻറർ സജ്ജീകരിച്ചത്. ഭക്ഷ്യവസ്തുക്കൾ, തുണിത്തരങ്ങൾ, ശുദ്ധീകരണ വസ്തുക്കൾ എന്നിങ്ങനെ നീളുന്നു കയറ്റിയയച്ച വസ്തുക്കളുടെ നിര. ഇന്നലെ ഇവിടുത്തെ കളക്ഷൻ സെന്റർ പ്രവർത്തനം അവസാനിപ്പിച്ചു.

ഏറ്റവുമധികം കയറ്റിയയച്ചത് പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലേക്കാണ്. 15 ലോഡ് അവശ്യ സാധനങ്ങൾ പത്തനംതിട്ടയിലേക്കും 15 ലോഡ് ആലപ്പുഴയിലേക്കും എത്തിച്ചു. ഇടുക്കിയിലേക്ക് 10 ലോഡും എറണാകുളം വയനാട് എന്നീ ജില്ലകളിലേക്കായി മൂന്ന് ലോഡ് വീതവും കയറ്റിയയച്ചപ്പോൾ തൃശൂരിലേക്കും വൈക്കത്തേക്കും രണ്ട് ലോഡ് വീതം എത്തിക്കാനായി.

ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഓരോ ലോഡും അയച്ചിരുന്നത്. കയറ്റിയയക്കുക മാത്രമല്ല അവ കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തുന്നുണ്ടെന്നും ഉറപ്പു വരുത്തിയിരുന്നതായി കളക്ഷൻ സെന്ററിന് നേതൃത്യം നൽകിയ ശ്രീ മൂലം ക്ലബ് സെക്രട്ടറി ബാലൻ മാധവൻ പറഞ്ഞു. എസ്.പി. നിശാന്തിനിയായിരുന്നു പോലിസ് ഫാമിലിയെ ഏകോപിപ്പിച്ചിരുന്നത്. അൻപോടെ ട്രിവാൻട്രം എന്ന കൂട്ടായ്മ അവശ്യ സാധനങ്ങൾ എത്തിക്കാനായുള്ള പ്രചാരണം സോഷ്യൽ മീഡിയയിലൂടെ നൽകി.

ആഗസ്റ്റ് 16 നാണ് വിമൻസ് കോളേജിൽ കളക്ഷൻ സെൻറർ പ്രവർത്തനം ആരംഭിച്ചത്. തലസ്ഥാനത്തെ വിവിധ കോളേജുകളിൽ പഠിക്കുന്ന 400 ഓളം വിദ്യാർത്ഥികളാണ് വോളന്റിയർമാരായി ഇവർക്കൊപ്പം കൂടിയത്. ദുരിതമനുഭവിക്കുന്ന സഹജീവികൾക്ക് ആവശ്യമായ വസ്തുക്കൾ എത്തിക്കാൻ രാവും പകലുമായി ഇവർ കൂടെ നിന്നു.

സാധനം നിറച്ചു പോകുന്ന ഓരോ വാഹനങ്ങളുടെയും നമ്പർ, ആർ.സി ബുക്ക് തുടങ്ങിയ വിവരങ്ങൾ കൃത്യമായി ശേഖരിച്ചിരുന്നു. കൂടാതെ വാഹനം പുറപ്പെടുന്ന സമയവും എത്തിപ്പെടുന്ന സമയവും കൃത്യമായി രേഖപ്പെടുത്തി.