പ്രളയ ബാധിത മേഖലകളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനെത്തുന്ന വകുപ്പ് ഉദ്യോഗസ്ഥരുമായി പരാമവധി സഹകരിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കണമെന്നും ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു. പ്രളയക്കെടുതിക്കു ശേഷം ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നിന്ന് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കർശന നിർദ്ദേശങ്ങളും വകുപ്പ് പുറപ്പെടുവിച്ചു.

വീടിന്റെ കോംപൗണ്ടിലേക്കു പ്രവേശിക്കുന്നതിനുമുൻപായി പ്രസ്തുത സ്ഥലത്ത് വൈദ്യുത ബന്ധം ഉണ്ടോ എന്ന് പരിശോധിക്കണം. പുരയിടത്തിലേക്ക് കടക്കുന്നതിനു മുമ്പായി വീട്/സ്ഥാപനത്തിലേയ്ക്കുള്ള വൈദ്യുതി ലൈൻ/സർവീസ് വയർ എന്നിവ പൊട്ടി വീണിട്ടുണ്ടോയെന്ന് ശ്രദ്ധിക്കണം.

ലൈനുകൾ പൊട്ടിക്കിടക്കുന്നതോ താഴ്ന്നു കിടക്കുന്നതോ ആയി ശ്രദ്ധയിൽപ്പെട്ടാൽ 9496061061 എന്ന ഹെൽപ്പ് ലൈനിൽ ബന്ധപ്പെടുക. നനവില്ലാത്ത ചെരുപ്പ് ധരിച്ച് മാത്രമേ സ്വിച്ചുകൾ ഓണാക്കാവൂ. ഇ.എൽ.സി.ബി. പ്രവർത്തനക്ഷമമാണോയെന്ന് പരിശോധിക്കണം.

വീട്ടിലെ പ്ലഗിൽ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും ഊരി മാറ്റുക. ഇ.എൽ.സി.ബി പ്രവർത്തനക്ഷമമാണെങ്കിൽ എം.സി.ബി. ഓരോന്നായി ഓൺ ചെയ്യാവുന്നതാണ്. എനർജി മീറ്ററിന് കേടുപാടുകൾ ഉണ്ടോ എന്നും തീപിടിച്ചിട്ടുണ്ടോയെന്നും കൈകൊണ്ട് സ്പർശിക്കാതെ പരിശോധിക്കുക. വൈദ്യതി സംബന്ധമായ സഹായത്തിന് കെ.എസ്.ഇ.ബി. അല്ലെങ്കിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുമായി ബന്ധപ്പെടേണ്ടതാണ്.

വീട്ടിലെ വയറിംഗ് സംബന്ധമായ തകരാറുകൾ പരിശോധിക്കുന്നതിനായി വയർമാൻമാരുടെ സൗജന്യ സേവനത്തിനായി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറെ ബന്ധപ്പെടുക സ്വിച്ച് പ്രവർത്തിപ്പിക്കുമ്പോൾ മറുകൈ ഭിത്തിയിലോ മറ്റോ തൊടാതിരിക്കാൻ ശ്രദ്ധിക്കുക, വൈദ്യുതി പുന:സ്ഥാപിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട ഉദേ്യാഗസ്ഥരുമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

സ്ഥാപനങ്ങളിലെയോ വീടുകളിലെയോ വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരാൾ മാത്രമായി ചെയ്യാൻ ശ്രമിക്കരുത്. ചുറ്റുവട്ടത്ത് വൈദ്യുതി ഉണ്ടെങ്കിൽ പ്രസ്തുത ലൈനോ സർവീസ് വയറോ ഓഫ് ചെയ്തു എന്ന് ഉറപ്പുവരുത്താതെ അതിനടുത്തേയ്ക്ക് പോകുകയോ സ്പർശിക്കുകയോ ചെയ്യരുത്. ഏതെങ്കിലും സ്വിച്ച് ബോർഡോ. എക്സ്റ്റൻഷൻ ബോർഡോ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതായി ശ്രദ്ധയിൽപ്പെടുന്ന പക്ഷം അതിന്റെ സമീപത്ത് പോകരുത്.

പൊട്ടിക്കിടക്കുന്ന എർത്ത് കമ്പിയിൽ സ്പർശിക്കാൻ പാടില്ല. ഒരു കാരണവശാലും ഇ.എൽ.സി.ബി. ബൈപാസ് ചെയ്ത് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കരുത്. ഏതെങ്കിലും ഉപകരണം നനഞ്ഞതായോ വെള്ളം കയറിയതായോ കാണുകയാണെങ്കിൽ ആ ഉപകരണം ഉപയോഗിക്കരുത്. ഇ.എൽ.സി.ബിയോ എം.സി.ബി.യോ ട്രിപ്പ് ആകുന്ന പക്ഷം ഉപകരണങ്ങൾ സ്വയം ഓണാക്കാൻ ശ്രമിക്കരുത്.

ഇൻവെർട്ടറുകൾ പ്രവർത്തിപ്പിക്കാൻ ശ്രമിക്കരുത്. ജോയിന്റുള്ള പ്ലാസ്റ്റിക്ക് വയർ ഉപയോഗിച്ച് താൽക്കാലിക വയറിംഗ് നടത്തരുത്. ശക്തമായ സൂര്യപ്രകാശം ഉള്ളപ്പോൾ സോളാർ ഇൻസ്റ്റലേഷനുകളുമായി സമ്പർക്കം പുലർത്തരുത്. പാചക വാതകം മറ്റുവാതക സാന്നിധ്യം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ സ്വിച്ചുകളോ മറ്റു വൈദ്യുത ഉപകരണങ്ങളോ പ്രവർത്തിപ്പിക്കരുത്. ഏതെങ്കിലും സ്വിച്ച് ബോർഡോ കേടായ ഉപകരണങ്ങളോ സ്വയം റിപ്പയർ ചെയ്യരുതെന്നും വകുപ്പിന്റെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു.