വനിതാ – ശിശുവികസന വകുപ്പിന്റെ പോഷണ്‍ മാ മാസാചരണ പരിപാടികളുടെ ഭാഗമായി അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസും വിത്ത് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നാളത്തെ തലമുറയെയാണ് അങ്കണവാടികളിൽ ഇന്ന് സംരക്ഷിക്കുന്നത്. അതിനാൽ കുട്ടികളുടെ ആരോഗ്യത്തിനാവശ്യമായ പോഷകാഹാരം ലഭ്യമാക്കണമെന്നും സർക്കാർ അതിനാവശ്യമായ പദ്ധതികൾ നടപ്പാക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വിതരണം ചെയ്യുന്ന പച്ചക്കറിവിത്തുകൾ മാതൃകാപരമായി കൃഷിചെയ്യുന്ന അങ്കണവാടി പ്രവർത്തകർക്ക് പ്രോത്സാഹനം നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഡേവീസ് മാസ്റ്റർ പറഞ്ഞു. ഔദ്യോഗിക ജോലിക്ക് പുറമേ നാടിൻെറ എല്ലാ പ്രവർത്തനങ്ങളും കൃത്യമായി നിറവേറ്റുന്ന അങ്കണവാടി പ്രവർത്തകരെ ഡേവിസ് മാസ്റ്റർ പ്രത്യേകം അഭിനന്ദിച്ചു.

മണ്ണ് ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ആവശ്യകത എന്ന വിഷയത്തില്‍ മണ്ണ് പര്യവേഷണം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. തോമസ് അനീഷ് ജോണ്‍സണ്‍, ഫുഡ് ആൻഡ് ന്യൂട്രീഷന്‍ സംബന്ധിച്ച് കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. സീജ തൊമ്മച്ചൻ എന്നിവര്‍ ബോധവത്ക്കരണ ക്ലാസ് നടത്തി. പരിപാടിയുടെ ഭാഗമായി കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്ലാഷ് മോബും ഉണ്ടായിരുന്നു.

മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പോഷണ്‍ മാ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 30വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ജില്ലയിലെ അങ്കണവാടികള്‍ വഴി ഗുണമേന്‍മയുള്ള പോഷണത്തെ കുറിച്ച് അവബോധം ഉണ്ടാക്കാനും പോഷകനിലവാരമുള്ള ഭക്ഷണം കഴിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയുമാണ് പോഷണ്‍ മാ പദ്ധതി ലക്ഷ്യമിടുന്നത്.

പെരിങ്ങാവ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഐ സി ഡി എസ് സെൽ പ്രോഗ്രാം ഓഫീസര്‍ കെ കെ അംബിക, ഒല്ലൂക്കര അഡീഷണൽ ജെസിഡിഎസ് ശ്രീവിദ്യ എസ് മാരാർ, മണ്ണ് പര്യവേഷണ കേന്ദ്ര വകുപ്പ് ഉദ്യോഗസ്ഥർ, ഐസിഡിഎസ് സെൽ അംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.