മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സാങ്കേതിക ജീവനക്കാരുടെ ഏകദിന പരിശീലനം നടത്തി. കട്ടപ്പന, നെടുങ്കണ്ടം ബ്ലോക്കുകളിലെ ജീവനക്കാര്‍ക്കായി ഇരട്ടയാര്‍ സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ടി. മനോജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് സ്‌കറിയ കണ്ണമുണ്ടയില്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപ്രദേശങ്ങളില്‍ അധിവസിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഒരു സാമ്പത്തിക വര്‍ഷം 100 ദിവസത്തില്‍ കുറയാത്ത അവിദഗ്ദ്ധ കായിക തൊഴില്‍ ഉറപ്പാക്കുക, അതുവഴി ഉല്പാദനക്ഷമമായ ആസ്തികള്‍ സൃഷ്ടിക്കുക, ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഭവാടിത്തറ ശക്തിപ്പെടുത്തുക, സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ കുടുംബങ്ങളെയും പദ്ധതിയില്‍ ഉള്‍ച്ചേര്‍ക്കുക, പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഗുണനിലവാരവും ഉത്തരവാദിത്തവും ഉറപ്പാക്കാന്‍ സാങ്കേതിക ജീവനക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ്, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് എ. ഇ. മാര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം സംഘടിപ്പിച്ചത്.