ലോക ടൂറിസം വാരാചരണത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ്, ഡി.ടി.പി.സി വയനാട് എന്നിവരുടെ നേതൃത്തില്‍ ടൂറിസം ക്ലബ്ബുകള്‍, ടൂറിസം അസോസിയേഷനുകള്‍ എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ശുചീകരിച്ചു. ഗവ. എഞ്ചിനീയറിംഗ് കോളേജ് സ്റ്റുഡന്റ്സ് എന്നിവരുടെ നേതൃത്തില്‍ മാനന്തവാടി പായോട് ടൗണ്‍ മുതല്‍ കെ.എസ്.ഇ.ബി ഓഫീസ്‌വരെ റോഡും മാവിലാംതോട് പഴശ്ശി സ്മൃതി മണ്ഡപത്തിലേക്കുള്ള റോഡും ശുചീകരിച്ചു. എടക്കല്‍ ഗുഹയിലേക്ക് പോകുന്ന പാതയോരം അല്‍ഫോന്‍സ കോളേജ് വിദ്യാര്‍ഥികളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കല്‍ യൂണിറ്റും ചേര്‍ന്ന് വൃത്തിയാക്കി. ബത്തേരി ടൗണ്‍ സ്‌ക്വയര്‍ പാതയോരം ഡോണ്‍ ബോസ്‌കോ കോളേജ് വിദ്യാര്‍ഥികളും, പൂക്കോട് തടാകം ജീവനക്കാരുടെ നേതൃത്വത്തിലും ശുചീകരിച്ചു. വയനാട് ടൂറിസം അസോസിയേഷന്‍ സംഘടനയുടെ നേതൃത്വത്തില്‍ പൂക്കോട് തടാകത്തിന്റെ മുന്‍വശത്തുള്ള റോഡിന്റെ ഇരുവശവും വൃത്തിയാക്കി. കാന്തന്‍പാറ വെള്ളച്ചാട്ട പരിസരം വെള്ളാര്‍മല ഗവ.വി.എച്ച്.എസ്.സി വിദ്യാര്‍ത്ഥികളും, പള്‍സ് എമര്‍ജന്‍സി ടീമും ഡി.ടി.പി.സി, ജീവനക്കാരും ചേര്‍ന്ന് ശുചീകരിച്ചു.

ട്രഷര്‍ ഹണ്ട് സംഘടിപ്പിച്ചു

ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് ഡി.ടി.പി.സിയുടെ കീഴിലുള്ള ചീങ്ങേരി മലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ട്രഷര്‍ ഹണ്ട് സംഘടിപ്പിച്ചു. അഞ്ചുപേര്‍ അടങ്ങിയ അഞ്ചു ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഒന്നാം സമ്മാനത്തിന് ടീം ഈഗിള്‍ വൈഫ്സും രണ്ടാം സമ്മാനത്തിന് ടീം റോക്കേര്‍സും അര്‍ഹരായി. ചീങ്ങേരിമല ടൂറിസം കേന്ദ്രത്തിലെ മാനേജര്‍ സി.ആര്‍. ഹരിഹരന്‍, എടക്കല്‍ മാനേജര്‍ പി.പി. പ്രവീണ്‍, കെ. നിധിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡി.ടി.പി.സി ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ കേന്ദ്രത്തിലേക്കുള്ള വഴിയോരം വൃത്തിയാക്കി.

ആവേശമായി കര്‍ളാട് കയാക്കിങ്

ലോക ടൂറിസം വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കയാക്കിങ് ചലഞ്ച് കര്‍ളാടിന് ആവേശമായി. നിരവധി പേരാണ് കയാക്കിങ് മത്സരം കാണാന്‍ കര്‍ളാടിലേക്ക് എത്തിയത്. മത്സരത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി പന്ത്രണ്ട് ടീമുകള്‍ പങ്കെടുത്തു. മാനന്തവാടിയില്‍ നിന്നുള്ള ദിലീപ്, കുഞ്ഞിരാമന്‍ സഖ്യം മത്സരത്തില്‍ ഒന്നാമതെത്തി. കാവുമന്ദത്തു നിന്നുള്ള സജി, സിബി സഖ്യം രണ്ടാമതും മഞ്ഞൂറയില്‍ നിന്നുള്ള വിഷ്ണു, മിഥുന്‍ ലാല്‍ സഖ്യം മൂന്നാം സ്ഥാനവും നേടി. അഭിലാഷ്, പ്രദീപ് സഖ്യം നാലാമതും ജിസ്മോന്‍ ജോസഫ്, മനു സഖ്യം അഞ്ചാമതായും ഫിനിഷ് ചെയ്തു.

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു മത്സരം ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പ് ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുഹമ്മദ് സലിം അധ്യക്ഷത വഹിച്ചു. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കെ. റഫീഖ് മുഖ്യാതിഥിയായി. കര്‍ളാട് തടാകം മാനേജര്‍ കെ.എന്‍. സുമാദേവി, ഡി.ടി.പി.സി മാനേജര്‍ രതീഷ് ബാബു, ഡി.ടി.പി.സി ജീവനക്കാരായ ലൂക്ക ഫ്രാന്‍സിസ്, ടി.ജെ. മാര്‍ട്ടിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.