ആലപ്പുഴ: ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെത്തുന്ന ഹെലികോപ്റ്ററുകളുടെ ലാന്‍ഡിങ്ങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ചെങ്ങന്നൂര്‍ ഐ.എച്.ആര്‍.ഡി. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും എയര്‍ഫോഴ്സ് സ്‌ക്വാഡ്രണ്‍ ലീഡറുമായ അന്‍ഷ വി. തോമസ്. കോയമ്പത്തൂരിലെ എയര്‍ഫോഴ്സ് സ്പേസില്‍ നിന്നുള്ള സുലൂര്‍ 40-ാം വിങ്ങിലെ സ്‌ക്വാഡ്രണ്‍ ലീഡറാണ് അന്‍ഷാ. ഇടുക്കിയിലെ കഞ്ഞിക്കുഴി പഴയരിക്കണ്ടം വീട്ടില്‍ നിന്നുള്ള അന്‍ഷാ ചെങ്ങന്നൂര്‍ ഐ.എച്.ആര്‍.ഡി. കോളേജിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ത്ഥി ആയിരുന്നു. അന്‍ഷയാണ് ഹെലികോപ്റ്ററുകള്‍ എവിടേക്ക് പോകണം, എവിടെയൊക്കെ ഭക്ഷണം വിതരണം ചെയ്യണം എന്നതുള്‍പ്പെടെയുള്ളവ നിയന്ത്രിക്കുന്നത്. സഹായത്തിനായി ചെങ്ങന്നൂര്‍ കവിയൂര്‍ സ്വദേശിയും എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനുമായ മനു മോഹനും ഒപ്പമുണ്ട്. നിരന്തരം ഹെലികോപ്റ്ററുകള്‍ ഇവിടെ എത്തുകയും ടണ്‍ കണക്കിന് ഭക്ഷ്യ വസ്തുക്കള്‍ വിതരണത്തിനായി കൊണ്ട് പോകുകയും ചെയ്യുന്നുണ്ട്. ഏതാണ്ട് അര മണിക്കൂര്‍ ഇടവിട്ടാണ് ഹെലികോപ്റ്ററുകള്‍ എത്തി ഭക്ഷ്യ വിതരണം നടത്തി പോകുന്നത്. അതീവ ജാഗ്രതയോടെയാണ് എയര്‍ഫോഴ്സ് കോ-ഓര്‍ഡിനേഷന്‍ ടീമിന്റെ പ്രവര്‍ത്തനം.