പ്രളയത്തിൽ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടമായവർക്ക് പകർപ്പുകൾ ലഭിക്കാൻ സെപ്റ്റംബർ 31 വരെ അപേക്ഷിക്കാമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു. വാഹനങ്ങളുടെ രേഖകളും ഡ്രൈവിംഗ് ലൈസൻസുകളും നഷ്ടമായവർക്കും ഡ്രൈവിംഗ് ടെസ്റ്റുകളുടെ കാലാവധി അവസാനിച്ചവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. പ്രളയ ബാധിത കുടുംബങ്ങളിൽ 75 ശതമാനത്തിനും മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടമായിട്ടുണ്ടെന്നും അവർക്ക് ഈ അവസരം പ്രയോജനകരമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആഗസ്റ്റ് 13 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ രേഖകൾ നഷ്ടമായവർക്കും രേഖകൾപുതുക്കാനുള്ള കാലാവധി പൂർത്തിയാകുന്നവർക്കുമാണ് അവസരം. ഫാൻസി നമ്പർ കാലാവധി ക്രമപ്പെടുത്തുന്നതിനും താത്കാലിക രജിസ്ട്രേഷൻ കഴിഞ്ഞ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും രജിസ്ട്രേഷൻ പുതുക്കുന്നതിനും സെപ്റ്റംബർ ഒന്നിനകം അപേക്ഷിക്കണം.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ടെസ്റ്റിന്റെ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ കോംപൗണ്ടിംഗ് ഫീസ് ഒഴിവാക്കും. ഡ്രൈവിംഗ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് എന്നിവ പുതുക്കുന്നതിനുള്ള കാലാവധിയും പെർമിറ്റ് പുതുക്കുന്നതിനുള്ള കാലാവധിയും കോംപൗണ്ടിംഗ് ഫീസ് ഒടുക്കേണ്ട കാലാവധിയും 31 വരെ നീട്ടി.
വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പിഴ ഈടാക്കാതെയും മറ്റു നടപടിക്രമങ്ങളില്ലാതെയും ഡ്യൂപ്ലിക്കേറ്റ് രേഖകൾ അനുവദിക്കുകയെന്നും മന്ത്രി അറിയിച്ചു.