പാചകവാതക പരാതി പരിഹാര യോഗം ചേർന്നു

കോട്ടയം: പാചകവാതക സിലിണ്ടറിന് അധികമായി തുക ആവശ്യപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് പറഞ്ഞു. കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ നടന്ന പാചകവാതക പരാതി പരിഹാര യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു എ.ഡി.എം.
സിലിണ്ടറിന് അധികമായി തുക ആവശ്യപ്പെട്ടന്നു പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കും. ഉപയോക്താക്കൾ പാചകവാതക സിലിണ്ടറുകളും സ്റ്റൗവുമായി ബന്ധിപ്പിക്കുന്ന സുരക്ഷാ ട്യൂബുകളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ഏജൻസികൾ വിതരണം ചെയ്യുന്ന ഗുണമേന്മയുള്ള സുരക്ഷാ ട്യൂബുകൾ ഉപയോഗിക്കണമെന്നും യോഗം നിർദേശിച്ചു. സുരക്ഷാ ട്യൂബുകൾ കാലാവധി കഴിയുമ്പോൾ മാറ്റണം.
പാചകവാതക ഏജൻസികൾ ഇവ മാറ്റുന്നത് യഥാസമയം ഉപഭോക്താക്കളെ അറിയിക്കുകയും ഇവ മാറ്റുന്നതിനായി ഐഡി കാർഡുകളോടുകൂടിയ ജീവനക്കാരെ അയയ്ക്കുകയും ചെയ്യും. 190 രൂപയാണ് കാലാവധി കഴിഞ്ഞ ട്യൂബ് മാറ്റി പുതിയത് സ്ഥാപിക്കുന്നതിനുള്ള ചാർജ്. അല്ലാതെയുള്ള സർവീസിംഗിന് 236 രൂപയാണ് ചാർജ് ഈടാക്കുക. ഏജൻസികളുടെ ഡെലിവറി ജീവനക്കാരുടെ കൈയിൽ നിന്ന് സുരക്ഷാ ട്യൂബുകൾ വാങ്ങാം.
വീട്ടുപയോഗത്തിനുള്ള പാചകവാതക സിലിണ്ടറുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനെത്തുടർന്ന് പിടിച്ചെടുത്ത് ഏജൻസികളിൽ തൊണ്ടിമുതലായി സൂക്ഷിക്കുന്നുണ്ട്. ഇവ എൽ.പി.ജി. പ്ലാന്റുകളിലേക്ക് മാറ്റുകയും ഇതുമായി സംബന്ധിച്ച കേസുകൾ തീർപ്പാക്കുന്ന മുറയ്ക്ക് നശിപ്പിക്കുകയും ചെയ്യും. സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസുകൾ പഞ്ചായത്ത് തലത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ സപ്ലൈ ഓഫീസർ വി. ജയപ്രകാശ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം പ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഗ്യാസ് ഏജൻസി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.