– ജില്ലയിൽ അതിദരിദ്രർക്ക് അടിയന്തരസഹായം ലഭ്യമാക്കും
കോട്ടയം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അതിദാരിദ്ര നിർമാർജന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ അതിദരിദ്രരായി കണ്ടെത്തിയവർക്ക് അതിജീവനത്തിന് ആവശ്യമായ രേഖകളടക്കം ലഭ്യമാക്കുന്നതിനായി ജില്ലാ നിർവാഹകസമിതി നടപ്പാക്കുന്ന ‘തുണ’ പദ്ധതിക്ക് തുടക്കമായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മിയും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയും പറഞ്ഞു. കളക്‌ട്രേറ്റിൽ കൂടിയ ജില്ലാ നിർവാഹകസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
ജില്ലയിൽ അതിദരിദ്രരായി കണ്ടെത്തിയ ആളുകൾക്ക് ആധാർ കാർഡ്, റേഷൻ കാർഡ്, തെരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകളും അതിജീവനത്തിന് ആവശ്യമായ ഭക്ഷണവും ചികിത്സയും അടിയന്തരമായി ലഭ്യമാക്കാനുള്ള ഉപ പദ്ധതിയാണ് ‘തുണ’.
ബ്ളോക്കു തലത്തിലും നഗരസഭ തലത്തിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് ഇവർക്ക് തിരിച്ചറിയൽ രേഖകൾ ലഭ്യമാക്കാനുള്ള നടപടി ഉടൻ ആരംഭിക്കാൻ കളക്ട്രേറ്റിൽ ചേർന്ന ജില്ലാ നിർവഹണസമിതി യോഗം തീരുമാനിച്ചു. ഗാന്ധിജയന്തി വാരാഘോഷ കാലയളവിൽ നടപടി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ക്യാമ്പുകളിൽ എത്താനുള്ള വാഹനസൗകര്യം തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കും. അതിദാരിദ്രപട്ടികയിൽ ഉൾപ്പെട്ട പലരും ശാരീരിക അവശതകൾ നേരിടുന്നവരായതിനാൽ ഇവർ അത്യാവശ്യഘട്ടങ്ങളിൽ മാത്രം നേരിട്ടു ഹാജരായാൽ മതി. കുടുംബശ്രീ മുഖേന ഇവരുടെ അപേക്ഷ സ്വീകരിച്ച് രേഖകൾ നൽകുന്നതിനുള്ള നടപടി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കും. ക്യാമ്പുകളിൽ അക്ഷയകേന്ദ്രങ്ങളുടെ സേവനത്തിലൂടെയാവും രേഖകൾ നൽകുക.
അതിദാര്യദ്ര പട്ടികയിൽ 1071 പേരാണുള്ളത്. ഇവരിൽ 232 കുടുംബങ്ങൾക്കു റേഷൻ കാർഡും, 228 പേർക്ക് ആധാർ കാർഡും 503 പേർക്കു വോട്ടർ ഐ.ഡി. കാർഡും ലഭ്യമാക്കേണ്ടതുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന 248 പേരും ഭിന്നശേഷിക്കാരായ 105 പേരും പട്ടികയിലുണ്ട്. ഭക്ഷണം തനിയെ പാചകം ചെയ്യാൻ ശാരീരികശേഷിയില്ലാത്തവർക്ക് കുടുംബശ്രീയുടെ സഹായത്തോടെ ഭക്ഷണം വീട്ടിലെത്തിച്ചുനൽകണമെന്നു യോഗം നിർദേശിച്ചു. ഇതിനുള്ള ചെലവ് തദ്ദേശസ്ഥാപനങ്ങൾ വഹിക്കും. മാനസിക വെല്ലുവിളി നേരിടുന്നവരിൽ പുനരധിവാസം ആവശ്യമായവർക്ക്് ജില്ലയിലെ വിവിധ അഭയകേന്ദ്രങ്ങളുടെ സഹായത്തോടെ പുനരധിവാസം ഉറപ്പാക്കും. ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താൻ വീടുകളിലെത്തി പരിശോധന നടത്താൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്കും നിർദേശം നൽകി.
ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, ദാരിദ്ര്യ ലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ്, ജില്ലാ സപ്ളൈ ഓഫീസർ വി. ജയപ്രകാശ്, അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മിഷണർ ജി. അനീസ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഇ.വി. ഷിബു,
ആരോഗ്യവകുപ്പ് മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിറ്റേർ അരുൺ പ്രഭാകർ, അക്ഷയ ജില്ലാ പ്രോജക്ട് മാനേജർ കെ. ധനേഷ്, ഹെൽത്ത് ഇൻസ്പെക്ടർമാർ, തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.