ചാമ്പ്യൻസ് ലീഗ് വള്ളംകളിയുടെ ഭാഗമായുള്ള താഴത്തങ്ങാടി വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന ചെറുവള്ളങ്ങളുടെ രജിസ്‌ട്രേഷൻ ഒക്‌ടോബർ ഒൻപതിന് ആരംഭിക്കും. ചാമ്പ്യൻസ് ലീഗ് വള്ളം കളി നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ അധ്യക്ഷതയിൽ താഴത്തങ്ങാടി വെസ്റ്റ് ക്ലബിൽ പ്രാദേശിക ആലോചനയോഗം ചേർന്നു. ഒക്‌ടോബർ 29നാണ് വള്ളം കളി മത്സരം. ഒൻപതു ചുണ്ടൻവള്ളങ്ങളാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ പങ്കെടുക്കുന്നത്.
താഴത്തങ്ങാടി വള്ളംകളി മുൻകാലങ്ങളിൽ നടന്ന തിയതിയിൽ തന്നെ വരുംവർഷങ്ങളിലെങ്കിലും നടത്താൻ ശ്രമിക്കണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിർദേശിച്ചു. താഴത്തങ്ങാടി വള്ളംകളിയോടനുബന്ധിച്ചു പൈതൃകമഹോത്സവും നടപ്പാക്കാനുള്ള നടപടികൾക്കായി വിനോദസഞ്ചാര വകുപ്പ് ശ്രമിക്കണമെന്നും എം.എൽ.എ. നിർദേശിച്ചു.
തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ അജയൻ കെ. മേനോൻ, വൈസ് പ്രസിഡന്റ് രശ്മി പ്രമോദ്, സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ. അജയ്, കോട്ടയം നഗരസഭാംഗങ്ങളായ കെ.ബി. സന്തോഷ്‌കുമാർ, ജിഷ ജോഷി, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്തംഗം എ.എം. ബിനു, തിരുവാർപ്പ് ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എം. ഷൈനിമോൾ, സമീന, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, ഡി.ടി.പി.സി. സെക്രട്ടറി റോബിൻ സി. കോശി, വെസ്റ്റ് ക്ലബ് പ്രസിഡന്റ് ലിയോ മാത്യൂ എന്നിവർ ആലോചനായോഗത്തിൽ പങ്കെടുത്തു.