എയര്‍ഫോഴ്‌സിന്റെ മൂന്ന് ഹെലികോപ്റ്ററുകളുടെ സേവനം ലഭ്യമാക്കി കൊണ്ട് ഇന്ന് (ആഗസ്റ്റ് 21) മൊത്തം8.7 ടണ്‍ കിലൊ ഭക്ഷധാന്യങ്ങള്‍ നെല്ലിയാമ്പതിയിലെത്തിച്ചു. 10-ലേറെ ടണ്‍ ഇപ്പോള്‍ ശേഖരത്തിലുണ്ട്. 18940 കിലോ ഭക്ഷ്യധാന്യങ്ങള്‍ തലചുമടായി ഉള്‍പ്പെടെ നെല്ലിയാമ്പതിയില്‍ ഇതുവരെ എത്തിച്ചിട്ടുണ്ട്. രാവിലെ മൂന്ന് ഹെലികോപ്റ്ററുകളിലായാണ് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചത്. തുടര്‍ന്ന് പ്രദേശത്തെ ഗര്‍ഭിണികളും പ്രമേഹരോഗികളും വൃദ്ധരുമടങ്ങിയ ഒന്‍പതു പേരെ ഹെലികോപ്റ്ററില്‍ നെല്ലിയാമ്പതിയില്‍ നിന്ന് പാലക്കാട്ട് എത്തിച്ചു. തുടര്‍ന്ന് ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥലം എം.എല്‍.എ കെ.ബാബു , ജില്ലാ കലക്ടര്‍ ഡി.ബാലമുരളി എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. റോഡ് തടസപ്പെട്ടതിന തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ നെല്ലിയാമ്പതിയില്‍ തോട്ടം തൊഴിലാളികളും അന്യസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടെ ഏകദേശം 4900-ത്തോളം പേരുണ്ട്. പ്രദേശത്ത്് 38 ക്യാമ്പുകളിലായി ഭക്ഷണം പാകം ചെയ്തു നല്‍കുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഫയര്‍ഫോഴ്‌സ്, ആര്‍.എ.എഫ്., സന്നദ്ധസംഘടനകള്‍, റവന്യൂ ഉദ്യോഗസ്ഥരടങ്ങുന്ന 250-തോളം പേര്‍ തലചുമടായാണ് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചിരുന്നത്. മേല്‍നോട്ടത്തിനായി അഞ്ച് റവന്യൂ ഉദ്യോഗസ്ഥരുടെ സേവനം പ്രദേശത്ത് ലഭ്യമാക്കുന്നുണ്ട്. 80 ശതമാനത്തോളം വീടുകളില്‍ വൈദ്യുതി പുനസ്ഥാപിച്ചിട്ടുണ്ട്. ഡി.എം.ഒ കെ.പി റീത്തയുടെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘം, പാലക്കാട് മെഡിക്കല്‍ കൊളെജ്, അഹല്യ ഗ്രൂപ്പ് എന്നിവിടങ്ങളില്‍ നിന്നുളള മെഡിക്കല്‍ സംഘവും പ്രദേശത്തുണ്ട്. റേഷന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഒരു മാസത്തേക്കുളള ഭക്ഷ്യധാന്യങ്ങള്‍ നാളെയും മറ്റന്നാളുമായി(ആഗസ്റ്റ് 22,23) സ്ഥലത്തെത്തിക്കും. മൊബൈല്‍ ബന്ധം മൂന്ന് ദിവസത്തിനുള്ളില്‍ പുനസ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നെല്ലിയാമ്പതി ചെക്ക് പോസ്റ്റിന് ശേഷമുളള ഏകദേശം ഏഴ് കിലോമീറ്ററോളം വരുന്ന റോഡ് തകര്‍ന്നതിനെ തുടര്‍ന്നാണ് നെന്മാറ-പോത്തുണ്ടി-നെല്ലിയാമ് പതി റോഡ് ബന്ധം വിഛേദിക്കപ്പെട്ടത്. നെന്മാറയില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്ററോളം വരുന്ന പോത്തുണ്ടി ഡാം വരെയുളള ഭാഗത്തേക്ക് തടസമില്ലാതെ ചെറുവാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കും. ശേഷം വരുന്ന ആറ് മീറ്റര്‍ കുണ്ടറചോല പാലം തകര്‍ന്നതാണ് നെല്ലിയാമ്പതി പ്രദേശത്തേക്കുളള ബന്ധം വിഛേദിക്കപ്പെട്ടതിന് കാരണമായത്. കീഴെ സിമന്റും ക്വാറി അവശിഷ്ടങ്ങളും, പൈപ്പുകളും ഉപയോഗിച്ച് കുണ്ടറചോല പാലം മണല്‍ചാക്കുകള്‍ കൊണ്ട് താല്‍ക്കാലികമായി പുനസ്ഥാപിച്ചിട്ടുണ്ട്. പാലത്തിന് ശേഷമുളള നെല്ലിയാമ്പതിയിലേക്കുളള 14 കിലോമീറ്റര്‍ പാത കഷ്ടിച്ച് ഒരു ജീപ്പിന് കടന്നു പോകാന്‍ സാധിക്കും വിധം ഉടന്‍ ശരിയാക്കും. റവന്യൂ, പൊലീസ്, പി.ഡബ്ള്‍.യൂ.ഡി, ഫയര്‍ഫോഴ്‌സ് , തോട്ടം തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഗതാഗതം സ്ഥാപിക്കാനുളള ശ്രമം നടക്കുന്നത്. പാറകള്‍ പൊട്ടിച്ചും കടപുഴകിയ മരങ്ങള്‍ അറുത്തുമാറ്റിയുമാണ് ഗതാഗതതടസ്സം മാറ്റിക്കൊണ്ടിരിക്കുന്നത്.