പത്തനംതിട്ട: ജില്ലയില്‍ പ്രളയക്കെടുതി അകപ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതോടെ അടുത്ത ഘട്ടമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വീടുകളിലേക്ക് മടങ്ങുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനുമായിരിക്കും ആദ്യപരിഗണന നല്‍കുകയെന്ന് ജില്ലാ കലക് ടര്‍ പി ബി നൂഹ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ കുടുംബശ്രീയുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെയായിരിക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക. ജില്ലയിലെ എട്ട് സംഭരണകേന്ദ്രങ്ങളിലായി ലഭിച്ചിട്ടുള്ള ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും തരംതിരിച്ച് ക്യാമ്പുകളില്‍ എത്തിക്കുന്നതിന് എന്‍ സി സി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി വരുന്നു. ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് എല്ലാ പിന്തുണയും സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും ഭാഗത്തുനിന്നും ഉണ്ടാവണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.