ഗാന്ധിജയന്തിവാരാഘോഷത്തിന് തുടക്കം

മഹാത്മാഗാന്ധി ലോകത്തിന് നല്‍കിയ അഹിംസയുടെ സന്ദേശമാണ് ലോകരാജ്യങ്ങള്‍ ഇന്നും പിന്തുടര്‍ന്നതെന്ന് തോമസ് ചാഴികാാടന്‍ എം.പി. തിരുനക്കര ഗാന്ധിചത്വരത്തില്‍ സർക്കാർ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു എം.പി. സത്യവും ധര്‍മവും അഹിംസയും സ്ത്രീ സമത്വവും ഗ്രാമസ്വരാജും ലഹരിവിരുദ്ധതയും മുന്‍നിര്‍ത്തി ഗാന്ധിജി നല്‍കിയ സന്ദേശം ലോകത്തിന് മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഗാന്ധിയൻ ചിന്ത ലോകത്തിൻ്റെയാകെ ചിന്തയായി മാറിയെന്നും അതില്ലാതെ ലോകത്തിന് ഒരടി മുന്നോട്ടു പോകാൻ കഴിയാതെ നിൽക്കുകയാണെന്നും എം.എൽ.എ. പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ഗാന്ധിജയന്തി ദിന സന്ദേശം നല്‍കി. കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, നഗരസഭാംഗം ജയമോള്‍ ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എ. അരുണ്‍ കുമാര്‍, എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍. രാജേഷ്, ഹയര്‍സെക്കന്‍ഡറി മേഖല ഉപഡയറക്ടര്‍ എം. സന്തോഷ് കുമാര്‍, സാക്ഷരത മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.വി. മാത്യു , ഡിവൈ.എസ്.പി. കെ.ജി. അനീഷ്,
തഹസില്‍ദാര്‍ എസ്.എന്‍. അനില്‍കുമാര്‍,
പൊലിസ്, എക്‌സൈസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
സമ്മേളനത്തിനു മുന്നോടിയായി കോട്ടയം തിരുനക്കരയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി.