ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ജില്ലയിലെ ദുരന്ത ബാധിത മേഖല സന്ദര്‍ശിച്ചു. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവു, ഊര്‍ജവകുപ്പ് സെക്രട്ടറി സഞ്ജയ് എം കൗള്‍ എന്നിവരടങ്ങിയ സംഘം രാവിലെ തൊടുപുഴയിലെത്തി അവിടെ നിന്ന് ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു, എ.ഡി.എം പി.ജി രാധാകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ഹെലികോപ്റ്ററില്‍ ദുരന്ത സ്ഥലങ്ങളുടെയും തകര്‍ന്ന റോഡുകളുടെയും ആകാശ വീക്ഷണം നടത്തി. തുടര്‍ന്ന് പൈനാവിലെത്തിയ സംഘം റോഡ് മാര്‍ഗം ഉരുള്‍പൊട്ടിയ സ്ഥലവും ഇടുക്കി ന്യൂമാന്‍സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും ഇടുക്കി ഡാമും, തകര്‍ന്ന ചെറുതോണി ബസ്റ്റാന്റും പരിസരവും സന്ദര്‍ശിച്ചു. ക്യാമ്പിലെത്തിയ ചീഫ് സെക്രട്ടറി ദുരിതബാധിതരോടും റോഷി അഗസ്റ്റിന്‍ എം.എല്‍.എയോടും വിവരങ്ങള്‍ തേടി. തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണത്തിനും വിഛേദിക്കപ്പെട്ട വൈദ്യതി ബന്ധത്തിന്റെ പുനസ്ഥാപനത്തിനും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്ട്രട്ടറി പറഞ്ഞു. ഇടുക്കി ആര്‍.ഡി.ഒ എം.പി വിനോദ്, ജില്ലയിലെ പൊതുമരാമത്ത്, വൈദ്യതിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
