ആലപ്പുഴ: കനത്ത വെള്ളപ്പൊക്കത്തിലും മുടങ്ങാതെ സർവ്വീസ് നടത്തി ഒരു നാടിന്റെ മുഴുവൻ പ്രിയപ്പെട്ട പൊതുഗതാഗത സംവിധാനമായി മാറിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി. വെള്ളം കയറിയതിനെ തുടർന്ന് ആലപ്പുഴ ചങ്ങനാശ്ശേരി തിരുവല്ല റോഡുകൾ ഒരു തരത്തിലും ഉപയോഗിക്കാനാകാത്ത സ്ഥിതി വന്നപ്പോൾ മാത്രം നിർത്തിവച്ച സർവ്വീസുകൾ ഇപ്പോൾ വീണ്ടും ഓടിത്തുടങ്ങുകയും ചെയ്തു.മഴ തുടങ്ങിയപ്പോൾ തന്നെ സ്വകാര്യ ബസുകൾ ഓട്ടം നിർത്തിവച്ചിരുന്നത് ആലപ്പുഴയിൽ യാത്രക്ലേശം വർധിപ്പിച്ചിരുന്നു. ഈ സ്ഥാനത്താണ് ലാഭേച്ഛയില്ലാതെ കെ.എസ്.ആർ.ടി.സി പ്രശ്‌നബാധിത റൂട്ടുകളിൽ സ്‌പെഷ്യൽ സർവ്വീസുകളും നടത്തിയത്. വെള്ളം കയറിയതിനാൽ പൂർണമായും ഒറ്റപ്പെട്ട റൂട്ടുകളിൽ ജീവനക്കാർ ഇപ്പോഴും വണ്ടിയോടിക്കുന്നതും ശ്രദ്ധേയം.
നിലവിൽ ജില്ലയിലെ ഏഴ് ഡിപ്പോകളിലെ വിവിധ റൂട്ടുകളിലായി 226 ബസുകളാണ് സർവ്വീസ് നടത്തുന്നത്. ചേർത്തല,ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ ഡിപ്പോകളിൽ നിന്നായി 348 ബസുകളാണ് സർവ്വീസ് നടത്തേണ്ടിയിരുന്നത്. ഇവയിൽ 85 ബസുകൾ വെള്ളം പൂർണമായും കയറിക്കിടക്കുന്ന റൂട്ടിലോടുന്നതാണ്. വെള്ളം പൂർണമായുമിറങ്ങിയാൽ മാത്രമേ ഈ റോഡുകൾ ഉപയോഗിക്കാനാകു.
പ്രളയദുരന്തത്തിൽ പൂർണമായും സർവ്വീസ് മുടങ്ങിയ ചെങ്ങന്നൂരും കെ.എസ്.ആർ.ടി.സിയുടെ സ്‌പെഷ്യൽ സർവീസുകളും സാധാരണ സർവീസുകളും ഓടിത്തുടങ്ങി. പന്തളം , പത്തനംതിട്ട, ഹരിപ്പാട്, മാവേലിക്കര, കായംകുളം എന്നീ പ്രദേശങ്ങളിലും വണ്ടി ഓടിത്തുടങ്ങി.
ചങ്ങനാശ്ശേരി റൂട്ടിൽ വെള്ളക്കെട്ടായതിനാൽ പൂർണമായും ഗതാഗതം പുനസ്ഥാപിക്കാനായിട്ടില്ല. പകരം പള്ളാതുരുത്തി വരെയാണ് സർവ്വീസ് നടത്തുന്നത്. അമ്പലപ്പുഴ തകഴി വഴി തിരുവല്ലയ്ക്കുള്ള ബസുകളും ഓടിത്തുടങ്ങി. വെള്ളപ്പൊക്കത്തെ തുടർന്ന് കോട്ടയം ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്തിയിരുന്നത് കല്ലറ വഴിയായിരുന്നു.വെള്ളമിറങ്ങിത്തുടങ്ങിയതിന്റെ പശ്ചാത്തലത്തിൽ കോട്ടയം കുമരകം വഴിയുള്ള ഗതാഗതവും പുനസ്ഥാപിച്ചു.
ആലപ്പുഴയിൽ 98 ബസുകളാണ് ഓടേണ്ടിയിരുന്നത്.ഇവിടെ 72 ബസും ഹരിപ്പാട് 42 ബസിൽ 35 ബസും, മാവേലിക്കരയിൽ 39ൽ 30 ബസുകളും ചെങ്ങന്നൂരിൽ 71ൽ 24 ബസും കായംകുളത്ത് 72ൽ 57 ബസും എടത്വായിൽ 8 ബസും ചേർത്തലയിൽ 97ൽ 81 ബസുകളും ഓടുന്നുണ്ട്.