പ്രളയത്തിൽ വീട് പൂർണമായി നഷ്ടപ്പെട്ട 1500 പേർക്ക് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ വീട് വച്ചു നൽകുമെന്ന് ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സഹായധനം നൽകിയാവും വീട് നിർമിക്കുക. പുറമെ നിന്നുള്ള സഹായങ്ങളും പ്രയോജനപ്പെടുത്തും. 75 കോടി രൂപയാണ് ഇതിനായി വേണ്ടി വരിക. ജില്ലാ ഭരണകൂടം നൽകുന്ന പട്ടികയിലുള്ളവർക്കാണ് വീട് വച്ച് നൽകുക. അതാതു പ്രദേശത്തെ സഹകരണ സംഘങ്ങൾക്കാണ് മേൽനോട്ട ചുമതല. കുറഞ്ഞത് 600 സ്‌ക്വയർഫീറ്റ് വിസ്തൃതിയെങ്കിലുമുളള വീടുകളാണ് നിർമിക്കുക. സെപ്റ്റംബർ ഒന്നു മുതൽ ഇതിന്റെ പ്രവർത്തനം ആരംഭിക്കും. മൂന്നു മാസം കൊണ്ട് വീട് നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
ദുരന്തങ്ങളെയും പ്രളയത്തെയും പ്രതിരോധിക്കാൻ കഴിയുന്ന കെട്ടിടമാവും നിർമിക്കുക. ഇതിനായി വിവിധ മേഖലയിലെ സാങ്കേതിക വിദഗ്ധരുടെ സഹായം തേടും. ഭൂമിയുടെ ഘടന, ഓരോ പ്രദേശത്തെയും സാഹചര്യം, ഗുണഭോക്താവിന്റെ താത്പര്യം, സാമ്പത്തികസ്ഥിതി എന്നിവ അനുസരിച്ചാവും വീടിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുക. വീട് നിർമിക്കുന്നതിനുള്ള പണം സംഘങ്ങൾക്കാവും നൽകുക. ഈ കുടുംബങ്ങളുടെ തുടർ ജീവിതത്തിന് പര്യാപ്തമായ ഇടപെടലും സഹകരണ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാവും. ദുരന്താനന്തര കൗൺസലിംഗ്, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള മാർഗനിർദേശം, ശുചിത്വ ബോധവത്കരണം, നഷ്ടപ്പെട്ട രേഖകളുടെ വീണ്ടെടുപ്പിനുള്ള സഹായം എന്നിവ നൽകും. ഇതിനായി ഹെൽപ് ഡെസ്‌ക് ഉണ്ടാവും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 60 കോടി രൂപ സമാഹരിച്ച് നൽകാനാണ് സഹകരണ മേഖല ലക്ഷ്യമിടുന്നത്. ഇപ്പോൾ 20 കോടി രൂപയാളം വന്നിട്ടുണ്ട്. വീട് നിർമാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാലായിരം സഹകാരികളുടെ യോഗം തിരുവനന്തപുരത്ത് സെപ്റ്റംബർ ഒന്നിന് നടക്കും. വീട് നിർമാണത്തിനുള്ള ധന സമാഹരണം വിവിധ രീതിയിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. 35 കോടി രൂപ മെമ്പർ റിലീഫ് ഫണ്ടിൽ നിന്ന് ഉപയോഗിക്കും. ആയിരം സംഘങ്ങളിൽ നിന്ന് രണ്ടു ലക്ഷം രൂപ വീതവും മറ്റൊരു ആയിരം സംഘങ്ങളിൽ നിന്ന് ഒരു ലക്ഷം രൂപ വീതവും രണ്ടായിരം സംഘങ്ങളിൽ നിന്ന് അമ്പതിനായിരം രൂപയും സമാഹരിക്കും.
പ്രളയത്തിൽ വിവിധ സ്ഥലങ്ങളിലെ സഹകരണ സംഘങ്ങളിലായി 75 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. നബാർഡിനോട് സാമ്പത്തിക സഹായം ചോദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.