രാമവർമ്മപുരം വൃദ്ധസദനത്തിൽ സായാഹ്ന സല്ലാപം

ആടിയും പാടിയും ഒത്തുചേർന്നപ്പോൾ വാർധക്യത്തിന്റെ അവശതയും ഏകാന്തതയും അവരും മറന്നു. ഗൃഹാതുരമായ ഓർമ്മകളിലേയ്ക്കുള്ള യാത്രയായി പിന്നീടുള്ള നിമിഷങ്ങൾ. രാമവർമ്മപുരം വൃദ്ധസദനത്തിൽ ഒരുക്കിയ സായാഹ്ന സല്ലാപമാണ് അന്താരാഷ്ട്ര വയോജനദിനത്തിന് കൂടുതൽ മാറ്റേകിയത് –

വയോജനങ്ങൾക്കൊപ്പം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് എൻഎസ്എസ് വിദ്യാർത്ഥികളും ചേർന്നതോടെ സായാഹ്ന സല്ലാപം രണ്ട് തലമുറകളുടെ സംഗമം കൂട്ടിയായി. അനുഭവങ്ങൾ പരസ്പരം പങ്കുവെച്ചും കളിച്ചും ചിരിച്ചും വയോജന ദിനം ഒത്തുച്ചേരലിന്റേത് കൂടിയായി.

“മാറുന്ന ലോകത്ത് മുതിർന്ന പൗരൻമാരുടെ അതിജീവനം” എന്ന സന്ദേശത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് വൃദ്ധ സദനത്തിൽ ജില്ലാതല വയോജന ദിനാചരണവും സായാഹ്ന സല്ലാപവും സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകരെ പങ്കെടുപ്പിച്ച് “സമഗ്ര ആരോഗ്യപരിരക്ഷയുടെ ഭാഗമായി വയോജന ആരോഗ്യ പരിപാലനം”,
“ആരോഗ്യ പൂർണ്ണമായ വാർദ്ധക്യം ആരോഗ്യപ്രവർത്തകരുടെ പങ്ക്” എന്നീ വിഷയങ്ങളിൽ കേരള ആരോഗ്യ സർവ്വകലാശാല ഡീൻ ഡോ.ഷാജി.കെ.എസ്, ഇ.സഞ്ജീവിനി ജില്ലാ നോഡൽ ഓഫീസർ ഡോ.കൈലാസ്.പി.,
എന്നിവർ വെബ്ബിനാറുകൾ നയിച്ചു.

അന്താരാഷ്ട്ര വയോജന പക്ഷാചരണത്തിന്റെ ഭാഗമായി രണ്ടാഴ്ച്ചകാലം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ജില്ലയിൽ നടക്കുന്നത് . ജനറൽ ജില്ലാ താലൂക്ക് ആശുപത്രികൾ കേന്ദ്രീകരിച്ച് മുതിർന്ന പൗരൻമാർക്കായി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകളും നടന്നു വരുന്നുണ്ട്.

കിടപ്പിലായ രോഗികൾക്കും, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ വസിക്കുന്നവർക്കും പാലിയേറ്റീവ് കെയർ ജീവനക്കാർ, എം.എൽ.എസ്.പി., ആശ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വാതിൽപ്പടി സേവനം നൽകുന്നുണ്ട്.

വയോജന ആരോഗ്യ പരിപാലനത്തിന് സഹായിക്കുന്ന ആരോഗ്യവകുപ്പ് തയ്യാറാക്കിയ “വയോജന പരിപാലനം” എന്ന കൈപുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാമവർമപുരം സർക്കാർ വൃദ്ധമന്ദിരം സൂപ്രണ്ടിന് കൈമാറി പ്രകാശനം ചെയ്തു.

ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ശ്രീദേവി ടി പി, ഡെപ്യൂട്ടി ഡിഎംഒ ഡോ.സതീഷ് കെ എൻ, വിൽവട്ടം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.മിനി, ആർ സി എച് ഓഫീസർ ഡോ.ജയന്തി ടി കെ, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹരിത ദേവി ടി എ എന്നിവർ പങ്കെടുത്തു.