** ഇന്നലെ മാത്രം 33 ലോഡ് സാധനങ്ങൾ അയച്ചു
** എല്ലാ കളക്ഷൻ സെന്ററുകളും ഇന്നും പ്രവർത്തിക്കും
** പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളും അധികമായി അയക്കേണ്ടതുണ്ടെന്നു കളക്ടർ
പ്രളയക്കെടുതിയുടെ ദുരിതം തീർക്കാൻ തിരുവനന്തപുരത്തുനിന്ന് സഹായങ്ങൾ അണമുറിയാതൊഴുകുന്നു. അവധി ദിനമായ ഇന്നലെയും കളക്ഷൻ കേന്ദ്രങ്ങളിലേക്കു സഹായ പ്രവാഹമായിരുന്നു. ജില്ലാ കളക്ടറുടെ അഭ്യർഥനപ്രകാരം പാചകത്തിനുള്ള സാധനങ്ങളുമായാണ് ഇന്നലെ ആളുകൾ കളക്ഷൻ കേന്ദ്രങ്ങളിലേക്ക് എത്തിയത്.
ദുരിത ബാധിത മേഖലയിലേക്ക് ജില്ലാ ഭരണകൂടം ഇന്നലെ രാവിലെ വരെ 438 ലോഡ് സാധനങ്ങൾ അയച്ചതായി സഹകരണം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാൻ തിരുവനന്തപുരം കാട്ടുന്ന മാതൃക വാക്കുകൾക്കതീതമാണ്. സർക്കാരും നാട്ടുകാരും യുവാക്കളുമെല്ലാം എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുകയാണ്. യുവജനങ്ങളുടെ അധ്വാനവും നാട്ടുകാരുടെ സഹകരണവും അഭിനന്ദനാർഹമാണെന്നും കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അരി, പച്ചക്കറി, മറ്റു പലവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ, ശുചീകരണ വസ്തുക്കൾ തുടങ്ങിയവയാണ് ഇന്നലെ കളക്ഷൻ കേന്ദ്രങ്ങളിലേക്ക് അധികമായി എത്തിയത്. സാധനങ്ങൾ എത്തുന്ന മുറയ്ക്ക് കയറ്റിയയക്കാൻ യുവ വൊളന്റിയർമാരുടെ വലിയ നിര ഇന്നലെയും കളക്ഷൻ കേന്ദ്രങ്ങളിലുണ്ടായിരുന്നു. രാത്രി വൈകിയും ഇവിടെ സാധനങ്ങൾ പായ്ക്ക് ചെയ്യുകയും വാഹനങ്ങളിലേക്കു കയറ്റുകയും ചെയ്യുന്ന തിരക്കാണ്. ഇന്നലെ മാത്രം 33 ലോഡ് അവശ്യവസ്തുക്കളാണു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കയറ്റിയയച്ചത്.
ഏറ്റവും കൂടുതൽ സാധനങ്ങളെത്തുന്ന തമ്പാന്നൂർ എസ്.എം.വി. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് മാത്രം 16 ലോഡ് സാധനങ്ങൾ അയച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് ഇവ കൊണ്ടുപോയത്. കോട്ടയ്ക്കകം പ്രിദയർശിനി ഓഡിറ്റോറിയത്തിൽനിന്ന് നാല് ലോഡ് സാധനങ്ങൾ അയച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തിലെ കളക്ഷൻ സെന്ററുകളിൽനിന്ന് ചെങ്ങന്നൂർ, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് എട്ടു ലോഡ് സാധനങ്ങൾ അയച്ചു. തിരുവല്ല, അടൂർ, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് കോട്ടൺ ഹിൽ സ്‌കൂളിലെ ക്യാമ്പിൽനിന്ന് ഇന്നലെ സാധനങ്ങൾ അയച്ചത്. ആകെ അഞ്ചു ലോഡുകളാണ് ഇവിടെനിന്നു പോയത്.
ജില്ലാ കളക്ടർ ഡോ. കെ. വാസുകിയുടെ നേതൃത്വത്തിലാണ് എല്ലാ ക്യാമ്പുകളിലും സാധനങ്ങൾ തരംതിരിച്ച് അയക്കുന്ന ജോലികൾ നടക്കുന്നത്. സബ് കളക്ടർ കെ. ഇമ്പശേഖർ, അസിസ്റ്റന്റ് കളക്ടർ പ്രിയങ്ക, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ എന്നിവരും മേൽനോട്ടത്തിനും വൊളന്റിയർമാർക്കു നിർദേശങ്ങൾ നൽകുന്നതിനുമായി രംഗത്തുണ്ട്.
ജില്ലയിലെ നാലു കളക്ഷൻ സെന്ററുകൾ ഇന്നും പ്രവർത്തിക്കും. രാവിലെ ഒമ്പതു മുതൽ വൈകിട്ട് ഏഴു വരെ സാധനങ്ങൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.