പാലക്കാട്: കാലവര്‍ഷം കുറഞ്ഞ സാഹചര്യത്തില്‍ കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വീടുകളിലേക്ക് മടങ്ങി തുടങ്ങി. നിലവില്‍ 194 കുടുബങ്ങളിലെ 1049 പേരാണ് 8 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. 279 പുരുഷന്മാര്‍, 527 സ്ത്രീകളും, 243 കുട്ടികളുമാണ് ജില്ലയില്‍ ഒറ്റപ്പാലം ഒഴികെയുള്ള താലൂക്കുകളിലെ ക്യാമ്പുകളിലായി കഴിയുന്നത്.
പാലക്കാട്, മണ്ണാര്‍ക്കാട്, പട്ടാമ്പി, ചിറ്റൂര്‍ എന്നീ താലൂക്കുകളില്‍ ഓരോ ക്യാമ്പ് വീതം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പാലക്കാട് പുതുശ്ശേരി വില്ലേജില്‍ കഞ്ചിക്കോട് അപ്നാ ഘര്‍ ക്യാമ്പില്‍ 135 കുടുംബങ്ങളിലെ 609 അംഗങ്ങളാണുള്ളത്. മണ്ണാര്‍ക്കാട് താലൂക്കില്‍ കരിമ്പ 1 വില്ലേജിലെ പനയമ്പാടം ജി.യു.പി. സ്‌കൂളില്‍ 15 കുടുംബങ്ങളിലെ 64 പേരും പട്ടാമ്പി താലൂക്കിലെ കപൂര്‍ വില്ലേജിലെ എം.ആര്‍.എസ് സ്‌കൂളില്‍ രണ്ടു കുടുംബങ്ങളിലായി 12 അംഗങ്ങളാണുള്ളത്. 25 കുടുംബങ്ങളിലെ 84 അംഗങ്ങളാണ് ചിറ്റൂര്‍ താലൂക്കിലെ നെന്മാറ ജി.എച്ച്.എസ്സിലുളളത്.
ആലത്തൂര്‍ താലൂക്കില്‍ മാത്രം നിലവില്‍ നാലു ക്യാമ്പുകളാണുള്ളത്. പുതിയങ്കം അങ്കണവാടി (65), ജി.എച്ച്.എസ് കല്ലിങ്കല്‍പാടം (9), സെന്റ് മേരീസ് പോളിടെക്‌നിക് വടക്കഞ്ചേരി (195), വി.ആര്‍.ടി മംഗലംഡാം പാരിഷ് ഹാള്‍ (8), എന്നിവടങ്ങളില്‍ 277 പേരാണുള്ളത്.
ഒറ്റപ്പാലം താലൂക്കില്‍ നിലവില്‍ ക്യാമ്പുകള്‍ ഇല്ലെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
പൂര്‍ണമായും വീടുകള്‍ തകര്‍ന്നവര്‍ ബന്ധുവീട്ടിലേക്കും മഴ കുറഞ്ഞതിനെതുടര്‍ന്ന് ബാക്കി അംഗങ്ങള്‍ സ്വവസതിയിലേക്കുമാണ് മടങ്ങിയത്.