കൊണ്ടോട്ടിയിൽ ടി.വി. ഇബ്രാഹീം എം.എൽ.എയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് തൊഴിൽമേള സംഘടിപ്പിച്ചു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി മേള ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളിൽ ഭിന്നശേഷിക്കാർ ഏല്പിച്ച ദൗത്യം നന്നായി നിർവഹിക്കുന്നതായാണ് മനസിലാകുന്നത്.  അവർക്കും അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കാൻ സർക്കാരിനും സമൂഹത്തിനും ബാധ്യതയുണ്ട്. ഈ ലക്ഷ്യത്തിലേക്കുള്ള നല്ല ചുവടുവെപ്പാണ് എം.എൽ.എ യുടെ നേതൃത്വത്തിൽ നടത്തുന്ന ഭിന്നശേഷി തൊഴിൽ മേളയെന്നും അദ്ദേഹം പറഞ്ഞു.
പാർലമെൻ്റിൽ സാമൂഹ്യ ക്ഷേമ ത്തിനായുള്ള സ്ഥിരം സമിതി അംഗം എന്ന നിലയിൽ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി സമർപ്പിച്ച നിർദ്ദേശങ്ങളിൽ അനുകൂല നടപടികളുണ്ടായിട്ടുണ്ടെന്നും ഇ.ടി.മുഹമദ് ബഷീർ എം.പി.അറിയിച്ചു.

250 ൽ അധികം ഉദ്യോഗാർത്ഥികളും 30 ൽ അധികം സംരംഭകരും പങ്കെടുത്ത തൊഴിൽ മേളയിൽ 25 ൽ അധികം പേർക്ക് തൊഴിൽ നൽകാം എന്ന ഉറപ്പും ലഭിച്ചു. ബാക്കിയുള്ളവർക്കും തൊഴിലോ സ്വയം തൊഴിലിനുള്ള അവസരമോ ലഭിക്കുമെന്ന് എം.എൽ എ അറിയിച്ചു. പി.എസ്.സി.പരിക്ഷ അടക്കമുള്ള പരീക്ഷകളിലും മറ്റും ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകുന്നതിനും തൊഴിൽ നൈപുണ്യം നേടാൻ സഹായിക്കുന്നതിനും മറ്റ് സർക്കാർ ഏജൻസികളുടെ സഹായവും ലഭ്യമാക്കും.

ടി.വി. ഇബ്രാഹീം എം.എൽ.എ അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ സി.ടി.ഫാത്തിമത്ത് സുഹ്റാബി,വൈദ്യർ അക്കാദമി ചെയർമാൻ ഡോ.ഹുസൈൻ രണ്ടത്താണി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ സറീന ഹസീബ്, പി.എ.ജബാർ ഹാജി,പി.അബ്ദുറഹിമാൻ ,കെ.കെ. ആലിബാപ്പു ,വ്യവസായ കേന്ദ്രം ഓഫിസർ എം. സുബൈദ ,അസി. തഹസിൽദാർ അനക്കച്ചേരി സുലൈമാൻ വ്യാപാരി വ്യവസായി ജില്ലാ പ്രസിഡൻ്റ് ബെസ്റ്റ് മുസ്തഫ ,കൊണ്ടോട്ടി യൂണിറ്റ് പ്രസിഡൻറ് ശാദി മുസ്തഫ തണൽ കൂട്ടായ്മ യുടെ പ്രസിഡൻറ് പി.അബ്ദുറഹിമാൻ മാസ്റ്റർ, ഡിഎൽപിഎൽ ജില്ലാ സെക്രട്ടറി ബഷീർ, കൈനാടൻ താലുക്ക് ഇൻഡസ്ട്രിയൽ ഫയിസർ നിസാം, ഷബ്ന പൊന്നാട്, കെ.പി.ബാപ്പുട്ടി തുടങ്ങിയവർ പങ്കെടുത്തു.

വൈദ്യർ സ്മാരകത്തിൽ ഭിന്നശേഷി കലാകാരൻമാരെയും എഴുത്ത് കാരെയും പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പ്രൊജക്ട് തയ്യാറാക്കുമെന്ന് അക്കാദമി ചെയർമാൻ അറിയിച്ചു. ഭിന്ന ശേഷികാരുടെ വിവിധ പ്രശ്നങ്ങൾ അവരുടെ രക്ഷിതാക്കൾ എം.എൽ.എ യുടെ ശ്രദ്ധയിൽ പെടുത്തുകയും അവ സർക്കാറിൻ്റെ പരിഗണനക്ക് സമർപ്പിക്കുമെന്നും എം.എൽ.എ ഉറപ്പ് നൽകുകയും ചെയ്തു.