ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഭാര്യ മധുമിത ബഹ്‌റയും ജില്ലയിലെ ദുരിത ബാധിതര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. ഇന്നലെ കാരംവേലി എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പിലെത്തിയ ഡിജിപി, ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്ത്, ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പിലെ 107 അന്തേവാസികള്‍ക്കും ഭക്ഷണം വിളമ്പി നല്‍കി. ദുരിതബാധിതര്‍ക്ക് നല്‍കുന്നതിന് പുതപ്പ്, തലയിണ തുടങ്ങിയ അവശ്യവസ്തുക്കളുമായാണ് ഡിജിപിയും സംഘവും എത്തിയത്. ക്യാമ്പിലെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ശയ്യാവലംബരായി ക്യാമ്പില്‍ കഴിയുന്ന ആറന്മുള ചെറുവള്ളില്‍ ഗോപി, ക്യാന്‍സര്‍ ബാധിച്ച് അവശനിലയിലുള്ള രാധാമണി എന്നിവരുടെ അടുത്തെത്തി ഡിജിപി വിവരങ്ങള്‍ ചോദിച്ചറിയുകയും ഇവര്‍ക്ക് അത്യാവശ്യമുള്ള സാധനങ്ങള്‍ കൈമാറുകയും ചെയ്തു. ഭക്ഷണത്തിന്റെ സമയമായതോടെ അടുക്കളയിലെത്തി  പാചകക്കാരോട് വിവരങ്ങള്‍ ആരാഞ്ഞു. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളായ സുരേന്ദ്രന്‍, സോമന്‍, പ്രസാദ്, പ്രദീപ്, ശങ്കുണ്ണി തുടങ്ങിയവരായിരുന്നു ഭക്ഷണം തയാറാക്കുന്നത്. സമീപത്തുള്ള വിവിധ ക്യാമ്പുകളിലേക്കുള്ള ഭക്ഷണം കൂടി ഇവിടെ തയാറാക്കി നല്‍കുന്നുണ്ടെന്നും ഒറ്റപ്പെട്ട വീടുകളിലേക്ക് ഭക്ഷണം എത്തിക്കുന്നുണ്ടെന്നും അവര്‍ ഡിജിപിയെ അറിയിച്ചു. തുടര്‍ന്ന് ഭക്ഷണം വിളമ്പുന്നതിനുള്ള കൗണ്ടറില്‍ ഡിജിപിയും എഡിജിപിയും എസ്പിയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും വാര്‍ഡ് അംഗം എം.എസ്.സുചിത്രയും നിലയുറപ്പിച്ചു. ക്യാമ്പിലെ എല്ലാവര്‍ക്കും ഭക്ഷണം വിളമ്പി നല്‍കിയശേഷം അവരോടൊപ്പം ഭക്ഷണവും കഴിച്ചശേഷമാണ് ഡിജിപിയും സംഘവും ക്യാമ്പില്‍ നിന്നും മടങ്ങിയത്.  ക്യാമ്പിലെ 13ഓളം വരുന്ന കുട്ടികള്‍ക്ക് മിഠായികള്‍ വിതരണം ചെയ്തും മുതിര്‍ന്ന പൗരന്മാരുടെ അടുത്തെത്തി സാന്ത്വനം പകര്‍ന്നുമാണ് ഡിജിപി ക്യാമ്പ് വിട്ടത്.
ജനങ്ങളുടെ പുനരധിവാസത്തിന് പോലീസിന്റെ എല്ലാ സഹായവും ഉണ്ടാകും. ഇക്കാര്യത്തില്‍ ജനങ്ങളുടെ സഹകരണം കൂടി ആവശ്യമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസും മുന്തിയ പരിഗണനയാണ് നല്‍കുന്നത്. പോലീസിന്റെ 400ഓളം സേനാംഗങ്ങള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് പരമാവധി സാന്ത്വനം നല്‍കുന്ന പ്രവര്‍ത്തനങ്ങളായിരിക്കും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവുക. 700ഓളം പോലീസ് സേനാംഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. അടുത്ത ഘട്ടമായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും  നല്‍കുകയും നേരിട്ട് ശുചീകരണത്തില്‍ പങ്കെടുക്കുകയും ചെയ്യണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുള്ളതായും ഡിജിപി പറഞ്ഞു. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് അംഗം എം.എസ്.സുചിത്ര, ബ്ലോക്ക് പഞ്ചായത്തംഗം സാലി തോമസ്, സ്‌കൂള്‍ മാനേജരുടെ ചുമതലയുള്ള പി.ആര്‍.രാജേഷ് എന്നിവരും ക്യാമ്പിലുണ്ടായിരുന്നു.