മലയിടിച്ചിലും ഉരുള്‍പൊട്ടലുംമൂലം തകര്‍ന്ന അടിമാലി രാജക്കാട് റോഡിന്റെ പുനരുദ്ധാരണം പുരോഗമിക്കുന്നു. റോഡുകള്‍ക്ക് ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച പന്നിയാര്‍കുട്ടി, കത്തിപ്പാറ മേഖലകളിലാണ് റോഡുകളുടെ പുനര്‍നിര്‍മ്മാണം നടക്കുന്നത്. കത്തിപ്പാറയില്‍ പൂര്‍ണമായും തകര്‍ന്നുപോയ റോഡിന് സമാന്തരമായി പുതിയപാതയുടെ പണിയാണ് നടക്കുന്നത്. അമ്പത് മീറ്ററോളം ദൂരത്തിലാണ് സമാന്തരപാത ഒരുങ്ങുന്നത്. പന്നിയാര്‍കുട്ടിയില്‍ മലയിടിച്ചിലില്‍ 30 അടിയോളം ഉയരത്തിലുള്ള മണ്ണ് നീക്കം ചെയ്തു വരുന്നു. 100 മീറ്ററോളം വരുന്ന ഭാഗങ്ങളിലെ മണ്ണ് നീക്കം ചെയ്ത് ചെറുവാഹനങ്ങള്‍ കടത്തി വിടുന്നതിനുള്ള ശ്രമങ്ങളിലാണ് ആദ്യഘട്ടത്തില്‍ നടന്നു വരുന്നത്. മൂന്ന് ജെ സി ബികള്‍ ഉപയോഗിച്ചാണ് പന്നിയാര്‍കുട്ടിയില്‍ നിര്‍മ്മാണങ്ങള്‍ പുരോഗമിക്കുന്നത്. ഈ വഴികള്‍ തുറന്നു നല്‍കുന്നതോടെ എളുപ്പത്തില്‍ കല്ലാര്‍കുട്ടി, പനംകുട്ടി, പൊന്‍മുടി, വെള്ളത്തൂവല്‍, കമ്പിളികണ്ടം തുടങ്ങിയ മേഖലകളിലേക്ക് എത്താന്‍ കഴിയും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ റോഡിന്റെ വീതികൂട്ടി ബസ് സര്‍വ്വീസുകള്‍ പുനരാംഭിക്കുന്നതിനുമാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം.
