ഒരാഴ്ചയായി കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ പ്രവര്‍ത്തിച്ചുവന്ന ദുരിതാശ്വാസ ക്യാമ്പിന് സമാപനം. 15-ാം തീയതി ആരംഭിച്ച ക്യാമ്പില്‍ 220 കുടുംബങ്ങളില്‍ നിന്നായി 692 പേരാണ് ക്യാമ്പിലുണ്ടായിരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാലാവസ്ഥ അനുകൂലമായതോടെ ഭുരിഭാഗം കുടുംബങ്ങളും തങ്ങളുടെ വീടുകളിലേക്കും ബന്ധു വീടുകളിലേക്കുമായി മടങ്ങിയിരുന്നു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം വീട് പൂര്‍ണ്ണമായും തകര്‍ന്ന കുടുംബങ്ങളിലുളള പലരും ബന്ധു വീടുകളിലേക്ക് താമസം മാറ്റി. ആകെയുണ്ടായിരുന്ന വീടും നഷ്ടപ്പെട്ട് പോകാന്‍ മറ്റൊരു ഇടമില്ലാതിരുന്ന അവശേഷിച്ച 12 കുടുംബങ്ങളില്‍  ആറ് കുടുംബങ്ങളെ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വാടക വീടുകളിലേക്ക് മാറ്റി. ബാക്കിയുളള  ആറ് കുടുംബങ്ങളില്‍ നിന്നുളള 21 അംഗങ്ങളെ പാര്‍പ്പിക്കാന്‍ വളളക്കടവിലുളള സ്‌നേഹസദനത്തിന്റെ മുറികള്‍ വിട്ടുനല്കാമെന്ന് അധികൃതര്‍ സമ്മതിച്ചതായി ക്യാമ്പ് ഓഫീസറായ ജയ്‌സണ്‍ ജോര്‍ജ് പറഞ്ഞു.  സ്‌നേഹസദനത്തിലും വാടകവീടുകളിലും പാര്‍പ്പിക്കുന്നവര്‍ക്ക് തുടര്‍ദിനങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്കും.  അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ നല്കിയാണ് ക്യാമ്പിലെത്തിയ കുടുംബങ്ങളെ യാത്രയാക്കിയത്. ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, മര്‍ച്ചന്‍സ് യൂത്ത് വിംഗ്, കുടുംബശ്രീ സി ഡിഎസ്, അംഗന്‍വാടി ജീവനക്കാര്‍, മഹിളാപ്രധാന്‍ ഏജന്റുമാര്‍, യുവജനസംഘടനാ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാപ്രവര്‍ത്തകര്‍, കട്ടപ്പന ഓഫ് റോഡ് സംഘടന, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധിപ്പേര്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ആദ്യാവസാനം പങ്കാളികളായി.
       ദുരന്തമാരംഭിച്ച ആഗസ്റ്റ് 15 ന് കട്ടപ്പന നഗരസഭാ പരിധിയിലുളളവര്‍ക്കായി കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ നഗരസഭ ആരംഭിച്ചതാണ് ക്യാമ്പ്. എന്നാല്‍ അവിടെ മണ്ണിടിഞ്ഞ് അപകടസ്ഥിതിയിലായതിനെ തുടര്‍ന്നാണ് കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളിലേക്ക് ക്യാമ്പ് മാറ്റിയത്. തുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലേക്കുളള റോഡ് ഗതാഗതം തകരാറിലായതോടെ തമിഴ്‌നാട്ടില്‍ നിന്നും മറ്റുമുളള സഹായ സാധനങ്ങള്‍ കട്ടപ്പനയിലെത്തിയതോടെ ഇത്  ബേസ് ക്യാമ്പായി മാറുകയായിരുന്നു. പിന്നീട് ഇവിടെ നിന്നാണ് ഇതര ക്യാമ്പുകളിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുളള അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തത്.
           പ്രാദേശികമായി നിരവധിസംഘടനകളും വ്യക്തികളും ക്യാമ്പിലേക്ക് സാധനങ്ങള്‍ എത്തിച്ചുനല്കിയെങ്കിലും ഏറ്റവും കൂടുതല്‍ സാധനസാമഗ്രികളുമായി എത്തിയത് തമിഴ്‌നാട് സര്‍ക്കാരും അവിടുത്തെ സംഘടനകളുമാണ്. ഇപ്പോഴും സഹായങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു. ഇവിടെ നിന്നും മറ്റ് ക്യാമ്പുകളിലേക്ക് വിതരണവും ചെയ്തുവരുന്നു. അതുകൊണ്ടുതന്നെ ബേസ് ക്യാമ്പിന്റെ പ്രവര്‍ത്തനം  തുടരുമെന്ന് ബേസ് ക്യാമ്പ് ഇന്‍ചാര്‍ജ് എഡിസി സാജു സെബാസ്റ്റ്യന്‍ പറഞ്ഞു. അരി, പയര്‍ തുടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ അധികം വരുന്നവ  നശിച്ചുപോകാതെ വെയര്‍ഹൗസില്‍ സൂക്ഷിക്കും. പെട്ടെന്ന് കാലാവധി കഴിയുന്ന ബ്രഡ്, പാല്‍പ്പൊടി , ഇന്‍സ്റ്റന്റ് ചപ്പാത്തി തുടങ്ങിയവ പ്രവര്‍ത്തന സജ്ജമായ മറ്റ് ക്യാമ്പുുകളിലേക്ക് നല്കി. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇതിനോടകം 200ടണ്ണോളം സാധനങ്ങള്‍ ക്യാമ്പിലെത്തി വിതരണം നടന്നതായി നഗരസഭാചെയര്‍മാന്‍ മനോജ് എം.തോമസ് അറിയിച്ചു.