കേരള വാട്ടർ അതോറിറ്റിയുടെ ജലവിതരണ പദ്ധതികളുടെ പ്രവർത്തനം സാധാരണനിലയിലാകുന്നതായി ജലവിഭവ മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. 1087 ജലവിതരണ പദ്ധതികളിൽ 806 എണ്ണം പൂർണതോതിൽ പ്രവർത്തനസജ്ജമായി. ഇതോടെ 80 ശതമാനത്തോളം പദ്ധതികളിൽനിന്നും ജലവിതരണം തുടങ്ങി. ബാക്കിയുള്ള 221 പദ്ധതികളിലെ ജലവിതരണം പൂർവസ്ഥിതിയിലാക്കാനുള്ള ജോലി നടക്കുന്നു.
തിരുവനന്തപുരം, കൊല്ലം, കാസർകോട് ഒഴികെയുള്ള ജില്ലകളിലെ പ്രധാന പദ്ധതികളുടെ പ്രവർത്തനം പ്രളയത്തിൽ നിലച്ചിരുന്നു. വെള്ളത്തിൽ മുങ്ങിയ പല പമ്പ് ഹൗസുകളും ജലസംഭരണികളും സബ്സ്റ്റേഷനുകളും യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ നടത്തി സുരക്ഷാപരിശോധനയ്ക്കു ശേഷം പുനഃസ്ഥാപിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു സാദ്ധ്യമാക്കിയത്.
പ്രളയബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാംപുകളിലുമായി കേരള വാട്ടർ അതോറിറ്റി ടാങ്കർ ലോറികളിലൂടെ 64.62 ലക്ഷം ലിറ്റർ കുടിവെള്ളം എത്തിച്ചു. ടാങ്കറുകൾക്ക് എത്താൻ കഴിയാത്ത സ്ഥലങ്ങളിൽ വള്ളങ്ങളും ബോട്ടുകളും ഉപയോഗിച്ചു. ജല അതോറിറ്റി ഉദ്യോഗസ്ഥരും ജീവനക്കാരും ക്യാംപുകളിലും പ്രളയബാധിത പ്രദേശങ്ങളിലുമെത്തി ആവശ്യം നേരിൽ മനസ്സിലാക്കിയാണ് വെള്ളമെത്തിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ ടാങ്കറുകൾക്ക് പുറമെ വിവിധ വകുപ്പുകളുടെയും സ്വകാര്യ ഏജൻസികളുടെയും ടാങ്കറുകളും വെള്ളം കൊണ്ടുപോകാൻ ഉപയോഗിച്ചു. വാട്ടർ അതോറിറ്റിയുടെ അംഗീകൃത പ്ലംബർമാർ ജലവിതരണ തടസ്സം നേരിടുന്ന വീടുകളിൽ പോയി പരിശോധന നടത്തി പരിഹാരം കാണാൻ നിർദ്ദേശിച്ചിട്ടുണ്ട്.
തെലങ്കാന സർക്കാർ സംഭാവന ചെയ്ത 49 ജലശുദ്ധീകരണ പ്ലാന്റുകൾ (ആർ.ഒ. പ്ലാന്റുകൾ) അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനസജ്ജമായിവരുന്നു വിവിധ ജില്ലകളിൽ ശുദ്ധജലത്തിന് ഏറ്റവും ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലാണ് അവ സ്ഥാപിക്കുന്നത്. മണിക്കൂറിൽ 1000 ലിറ്റർ ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ് ഈ പ്ലാന്റുകൾ. പത്തനംതിട്ട – 8, ആലപ്പുഴ – 8, കോട്ടയം – 5, എറണാകുളം – 10, തൃശ്ശൂർ – 7, മലപ്പുറം – 3, വയനാട് – 8 എന്നിങ്ങനെയാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകൾക്ക് സമീപവും ഈ പ്ലാന്റുകളിൽ ചിലത് സ്ഥാപിക്കും. രണ്ടു ദിവസത്തിനകം അവ പൂർണ്ണമായും പ്രവർത്തനസജ്ജമാകുമെന്ന് കരുതുന്നു.
ടാങ്കർ ലോറികളിലെത്തിക്കുന്ന വെള്ളം വീടുകളിലെ ടാങ്കുകളിൽ ശേഖരിക്കുമ്പോൾ ടാങ്കിന്റെ സംഭരണശേഷി മുഴുവൻ നിറയ്ക്കാൻ ശ്രമിച്ചാൽ മറ്റു പലർക്കുമെത്തിക്കാൻ തികയാതെ വരും. ടാങ്കർ എല്ലാ ദിവസവുമെത്തുമെന്നതിനാൽ അത്യാവശ്യമുള്ള വെള്ളം മാത്രം ടാങ്കിൽ സംഭരിച്ച് മറ്റുള്ളവർക്കും ജലം ലഭിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.