* 22ന് ഉച്ചവരെ  57 ലോഡ് സാധനങ്ങൾ എത്തിച്ചു
ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയും അവശ്യവസ്തുക്കൾ എത്തിച്ചും പ്രളയക്കെടുതിയിൽ സംസ്ഥാനമാകെ ആശ്വാസനടപടികളുമായി പഞ്ചായത്ത് വകുപ്പ്.
സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ ആരംഭിച്ച 2600ൽ അധികം ദുരിതാശ്വാസ ക്യാമ്പുകളിൽ 684 ക്യാമ്പുകൾ ഗ്രാമപഞ്ചായത്തുകളുടെ പൂർണനിയന്ത്രണത്തിൽ ആരംഭിച്ചതാണ്. പ്രളയം രൂക്ഷമായ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ചെങ്ങന്നൂർ, റാന്നി, ആറൻമുള, പാണ്ടനാട്, കുറ്റൂർ, മല്ലപ്പുഴശേരി, കോന്നി, കടപ്ര, നിരണം, അമ്പലപ്പുഴ, ആറാട്ടുപുഴ തുടങ്ങിയ മേഖലകളിലാണ് ഇവ അധികവും പ്രവർത്തിക്കുന്നത്. ഈ ക്യാമ്പുകളിൽ ഭക്ഷണവിതരണം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും കുറ്റമറ്റ രീതിയിൽ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുന്നതും ഗ്രാമപഞ്ചായത്തുകളാണ്.
ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്ത് ഓഫീസുകളിലും പഞ്ചായത്തു ഡയറക്ടറേറ്റിലും കൺട്രോൾ റൂമും ഹെൽപ്പ് ഡെസ്‌കും കഴിഞ്ഞ 18 മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഹെൽപ്പ് ഡെസ്‌കിൽ അയ്യായിരത്തിൽ അധികം കോളുകൾ ലഭിക്കുകയും 2000ൽ അധികംപേരെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കാനായി.
പ്രളയമേഖലയിലെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പഞ്ചായത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും ഇടപെടൽമൂലം 50,000 ഓളം ആൾക്കാരുടെ ജീവൻ രക്ഷിക്കാനും അവരുടെ സാധനങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാനുമായി.
ക്യാമ്പുകളിൽ അരി ഉൾപ്പെടെ ഭക്ഷണസാധനങ്ങൾ, വസ്ത്രം കിടക്കകൾ, മരുന്ന് തുടങ്ങിയവ ശേഖരിച്ച് എത്തിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കളക്ഷൻ സെൻറർ പഞ്ചായത്ത് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്നുണ്ട്.
22ന് ഉച്ചവരെ ഇവിടെനിന്ന് 57 ലോഡ് സാധനങ്ങൾ ഇതിനകം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ എത്തിച്ചിട്ടുണ്ട്.
ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ഗ്രാമപഞ്ചായത്ത്തലം മുതലുള്ള എല്ലാ ജീവനക്കാരും അവധിദിവസങ്ങൾ ഉൾപ്പെടെ ഓഫീസിലെത്തി ദുരിതാശ്വാസപ്രവർത്തനങ്ങളുടെ വിവിധതലങ്ങളിൽ ഏർപ്പെട്ടു.
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ വൈദ്യസഹായം എത്തിക്കുന്നതിന് 24 ആംബുലൻസുകളുടെ സേവനം അവശ്യമരുന്നുകൾ അടക്കം സജ്ജമാക്കി പഞ്ചായത്ത് ഡയറക്ടറേറ്റ് തലത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. 21 മുതൽ പ്രധാന പരിഗണന നൽകുന്നത് പ്രളയംമൂലം വെള്ളംകയറി നശിച്ച വീടുകൾ, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ ഉപയോഗയോഗ്യമാക്കുന്ന നടപടികൾക്കാണ്.ശുചീകരണപ്രവർത്തനങ്ങൾ 24നകം പൂർത്തീകരിക്കുന്നതിന് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, തൃശൂർ, എറണാകുളം ജില്ലകളിൽ പഞ്ചായത്തു ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേൽനോട്ടത്തിൽ കോർ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.