ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള സഹായങ്ങളും സർക്കാർ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത് നേടിയെടുക്കാനുള്ള നടപടികളാണ് നാടിനെ സ്‌നേഹിക്കുന്നവരിൽനിന്ന് ഉണ്ടാകേണ്ടത്. 2016ലെ ദേശീയ ദുരന്തനിവാരണ നയത്തിൽ മറ്റു രാജ്യങ്ങൾ സ്വമേധയാ നൽകുന്ന സഹായം സ്വീകരിക്കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  യു.എ.ഇ നൽകുമെന്നറിയിച്ചത് 700 കോടി രൂപയാണ്. രാജ്യങ്ങൾ പരസ്പരം സഹായിക്കുന്നത് സ്വാഭാവികമാണ്, അത് ലോകമാകെ നടക്കുന്നതാണ്. യു.എ.ഇ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായാൽ ഔദ്യോഗികതലത്തിൽ ചർച്ചചെയ്ത് പരിഹരിക്കും.
വല്ലാത്ത തടസ്സമുണ്ടെങ്കിൽ പ്രധാനമന്ത്രിയെ സമീപിക്കും. എന്നാൽ സാധാരണഗതിയിൽ ഫണ്ട് സ്വീകരിക്കുന്നതിൽ തടസ്സമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.  വിവിധ സ്ഥാപനങ്ങളുടേതും കൂട്ടായ്മകളുടേതുമായി 318 കോടി രൂപ ലഭിച്ചു. വേറെ അനേകം സഹായവാഗ്ദാനങ്ങളും ലഭിച്ചിട്ടുണ്ട്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ അവരവർക്ക് തന്നാലായത് എന്ന നിലയിൽ സഹായം നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെടുതിയെ ജനം ഒറ്റക്കെട്ടായി നേരിടുമ്പോൾ അതിൽ വിള്ളൽ വീഴ്ത്തുന്ന നടപടിയുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ നാടിന്റെ പുരോഗതിക്കത് ഗുണമാകില്ല. ദുരിതത്തിൽ നിൽക്കുമ്പോൾ അത് പരിഹരിക്കാനും ആത്മവിശ്വാസം നൽകാനുമുള്ള കൈത്താങ്ങാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.