*പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളിൽ കഴമ്പില്ല
കേരളത്തിലെ ഡാമുകൾ തുറന്നതല്ല വെള്ളപ്പൊക്കത്തിന് കാരണമെന്നും ചെറിയ സമയം കൊണ്ട് കൂടുതൽ വെള്ളം നിറയ്ക്കുന്ന ശക്തമായ മഴയാണ് പ്രളയം സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡാമുകൾ തുറന്നതാണ് പ്രളയത്തിന് കാരണമെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമർശനങ്ങളെ നേരിടാൻ സർക്കാരിന് വിഷമമില്ല. എന്നാൽ അതിൽ കഴമ്പുണ്ടാവണം.
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടി അദ്ദേഹത്തിന്റെ തന്നെ ഫേസ്ബുക്ക് പോസ്റ്റുകളിലുണ്ട്. ഇടുക്കി അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അദ്ദേഹം ജൂലൈ 30നും ആഗസ്റ്റ് 14നും ഫേസ്ബുക്കിലിട്ട പോസ്റ്റുകളിൽ നിന്ന് വ്യക്തമാകും. സത്യം ആ പോസ്റ്റുകളിൽ ഉണ്ട് എന്നിരിക്കെ ഇത്തരമൊരു ഘട്ടത്തിൽ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതിൽ അനൗചിത്യമുണ്ട്.
1924ൽ ഇക്കൊല്ലത്തെ കാലവർഷത്തേക്കാൾ കൂടുതൽ മഴ പെയ്തു എന്ന് സ്ഥാപിക്കാൻ പ്രതിപക്ഷ നേതാവ് എടുത്തുകാട്ടിയ കണക്ക് അക്കൊല്ലത്തെ കാലവർഷത്തിന്റേതല്ല. മൊത്തം പെയ്ത മഴയുടേതാണ്. കാലവർഷത്തിന്റെ മാത്രം കണക്ക് ഇക്കുറി പെയ്തതിലും കുറവാണ്. യഥാർത്ഥത്തിൽ 1924ലേക്കാൾ രൂക്ഷമായിരുന്നു ഇത്തവണത്തെ മഴ.
1924ൽ കേരളത്തിലാകെ ഒരു ഡാമേ ഉണ്ടായിരുന്നുള്ളു. ഇന്ന് 42 മേജർ ഡാമുകളടക്കം 82 ഡാമുകൾ കേരളത്തിലുണ്ട്. ഈ ഡാമുകളെ ഫലപ്രദമായി മാനേജ് ചെയ്യാൻ കഴിഞ്ഞു എന്നതാണ് സത്യം. അതുകൊണ്ടാണ് 1924നേക്കാൾ രൂക്ഷമായ മഴ ഇത്തവണ ഉണ്ടായിട്ടും അപായങ്ങൾ നിയന്ത്രിച്ചുനിർത്താൻ കഴിഞ്ഞത്.
ഇടുക്കിയിൽ ഒന്നാംഘട്ട മഴയ്ക്കുശേഷം ജൂലൈ 26 മുതൽ മഴ കുറഞ്ഞുവരികയായിരുന്നു. 26ന് 54.2 മില്ലീമീറ്റർ മഴ ഉണ്ടായിരുന്നത് 28ന് 6.2 മില്ലീമീറ്ററും ആഗസ്റ്റ് ആറിന് 3.2 മില്ലീമീറ്ററും ആയി കുറഞ്ഞു. ഏഴിന് 13.8 മില്ലീമീറ്റർ മഴയേ ഉണ്ടായിരുന്നുള്ളു. ഇതിനാലാണ് ആ ഘട്ടത്തിൽ ഷട്ടർ തുറക്കാതിരുന്നത്.
പക്ഷെ, ആഗസ്റ്റ് എട്ടിന് 128.6 മില്ലീമീറ്ററായി മഴ വർധിച്ചു. ഒമ്പത്, പത്ത് തിയതികളിലും ഇത് തുടർന്നു. പിന്നീട് ചെറുതായി കുറഞ്ഞ മഴ 16ന് 295 മില്ലീമീറ്ററായി കൂടി. കേരളത്തിൽ പെയ്യുന്ന ശരാശരി മഴയുടെ മൂന്നിലൊന്ന് മഴ ആഗസ്ത് 14 മുതൽ 17 വരെയുള്ള നാലു ദിവസങ്ങളിൽ പെയ്തു. ഇടുക്കിയിൽ ഈ നാലുദിവസം കൊണ്ട് പെയ്തത് 811 മില്ലീമീറ്ററാണ്. ഇത് സാധാരണയുടെ ഇരട്ടിയിലധികമാണ്. കക്കിയിൽ ഈ നാലുദിവസം കൊണ്ട് 915 മില്ലീമീറ്റർ മഴയാണ് പെയ്തത്. ഇതും സാധാരണയുള്ളതിന്റെ ഇരട്ടിയിലധികമാണ്. ഇങ്ങനെയാണ് അപ്രതീക്ഷിതമായി ഡാമുകളിൽ ജലനിരപ്പ് ഉയർന്നതും ഷട്ടറുകൾ നിയന്ത്രിതമായി തുറക്കേണ്ടിവന്നതും.
കാലടി, പെരുമ്പാവൂർ, ആലുവ പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന് ഇടുക്കി, ഇടമലയാർ ഡാമുകളിൽ നിന്നുള്ള വെള്ളം മാത്രമല്ല കാരണം. നിയന്ത്രണമില്ലാതെ നദിയിലേക്കു കുത്തിയൊഴുകി വന്ന സ്വാഭാവിക വെള്ളവും കാരണമാണ്. അച്ചൻകോവിലാറിലുണ്ടായ വെള്ളപ്പൊക്കമാണ് പന്തളം പ്രദേശത്തെ വെള്ളത്തിലാഴ്ത്തിയത്. മണിമലയാറിലെ വെള്ളമാണ് തിരുവല്ല പ്രദേശത്തെ വെള്ളത്തിലാഴ്ത്തിയത്. പാലായിലെ വെള്ളപ്പൊക്കം മീനച്ചലാറിലൂടെ വന്ന വെള്ളമാണ്. നിലമ്പൂരിൽ വെള്ളപ്പൊക്കമുണ്ടായതു ചാലിയാറിലെ വെള്ളംമൂലമാണ്. ഈ നാല് നദികളിലും ഒരു ഡാമുമില്ല. അപ്പോൾ വെള്ളപ്പൊക്കത്തിനു കാരണമായത് ഡാം തുറന്നുവിട്ടതുകൊണ്ടാണെന്ന വാദത്തിന് യുക്തിയില്ല. കേരളത്തിൽ മിക്കവാറും എല്ലായിടത്തുമായി ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മറ്റു ദുരന്തങ്ങളുമുണ്ടായിട്ടുണ്ട്. വ്യാപകമായ മഴയുടെ ഭാഗമായുണ്ടായതാണവ. അല്ലാതെ, ഡാം തുറന്നുവിട്ടതു കൊണ്ടുണ്ടായതല്ല.
ഡാമിലെ വെള്ളംകൊണ്ടു മാത്രമല്ല വെള്ളപ്പൊക്കമുണ്ടാകുന്നത്. വൻ വെള്ളപ്പൊക്കമുണ്ടായ 1924ൽ കേരളത്തിൽ ആകെ ഒരു ഡാമേ ഉണ്ടായിരുന്നുള്ളു. ഇത്തവണ ആഗസ്ത് ഒന്നുമുതൽ 19 വരെയുള്ള ഘട്ടത്തിൽ 758.6 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ വർഷങ്ങളിൽ ഈ ഘട്ടത്തിൽ 287.5 മില്ലീമീറ്റർ മഴയാണ് ലഭിക്കാറ്. അതായത് സാധാരണ ലഭിക്കാറുള്ളതിനേക്കാൾ 164 ശതമാനം അധികം മഴ.
കേരളത്തിൽ എല്ലാ വർഷവും നിറഞ്ഞുകവിയുന്ന ഡാമുകൾക്ക് അലർട്ട് നൽകുന്ന പതിവില്ല. ഇത് ജനങ്ങൾക്കുമറിയാം. ബാണാസുര സാഗർ ഡാം ഇവയിലൊന്നാണ്. ഒരു കാലത്തും അലർട്ടോടുകൂടിയല്ല ഇത് തുറക്കാറ്.
ഇത്തവണയും ജൂൺ, ജൂലൈ മാസങ്ങളിലെ മഴയെത്തുടർന്ന് ജൂലൈ രണ്ടാം വാരത്തിൽ ഡാം നിറയുകയും ജൂലൈ 15ന് തുറന്നിട്ടുണ്ട്. വെള്ളം കുറഞ്ഞതിനെ തുടർന്ന് ആഗസ്റ്റ് അഞ്ചിന് ഷട്ടർ അടച്ചെങ്കിലും ആറിന് വലിയ മഴ പെയ്തതോടെ ഏഴിന് രാവിലെ 6.30ന് തുറക്കുകയായിരുന്നു.
മണ്ണുകൊണ്ടുണ്ടാക്കിയ ഡാമായ ബാണാസുര സാഗറിന് മറ്റു ഡാമുകളെ പോലെ ഫുൾ റിസർവോയർ ലെവലിനു മുകളിൽ വെള്ളം സ്റ്റോർ ചെയ്യാനുള്ള യാതൊരു സംവിധാനവുമില്ല.
മറ്റെല്ലാ ഡാമുകളിലും ബ്ലൂ അലർട്ട്, ഓറഞ്ച് അലർട്ട്, റെഡ് അലർട്ട് എന്നിങ്ങനെ കൃത്യമായ മുന്നറിയിപ്പുകളോടെ മാത്രമേ വെള്ളം തുറന്നുവിടാറുള്ളു. ഇടമലയാർ, ഇടുക്കി, പമ്പ-കക്കി-ആനത്തോട് ഡാമുകളാണ് പ്രധാന വലിയ ഡാമുകൾ. ഈ ഡാമുകളിൽ നിശ്ചയിച്ച പ്രകാരം കൃത്യമായ അലർട്ടുകളോടു കൂടി മാത്രമേ ഈ വർഷം വെള്ളം തുറന്നുവിട്ടിട്ടുള്ളു.
ചാലക്കുടി പുഴയിൽ കേരളത്തിന്റെ നിയന്ത്രണത്തിൽ ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാമുകളാണുള്ളത്. ചെറിയ സംഭരണശേഷി മാത്രമുള്ളതും എല്ലാ വർഷവും കവിഞ്ഞൊഴുകുന്നതുമായ ഡാമുകളാണ് രണ്ടും. ഇത്തവണ കനത്ത മഴ പെയ്തതിനെ തുടർന്ന് നീരൊഴുക്ക് ക്രമാതീതമായി കൂടി. പറമ്പിക്കുളം, തമിഴ്നാടിന്റെ ഷോളയാർ ഡാമുകളിൽ നിന്നുള്ള വെള്ളം കൂടി വന്നതോടെ ചാലക്കുടിയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാവുകയായിരുന് നു.
എറണാകുളം ജില്ലയിൽ വെള്ളം ഉയരുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 26ന് കൃത്യമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടർന്ന് ഇടമലയാർ, ഇടുക്കി ഡാമുകളുടെ വിവിധ അലർട്ട് ഘട്ടങ്ങളിലും ഡാം തുറക്കുന്നതിനു മുന്നോടിയായും കൃത്യമായ മുന്നറിയിപ്പ് നൽകി. ആളുകളെ തീരങ്ങളിൽനിന്ന് മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
ഇടുക്കിയിൽ 2397 അടിയിൽ ട്രയൽ റൺ നടത്താനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിരുന്നു. എന്നാൽ, ഇതിനു മുമ്പുതന്നെ ഇടമലയാറിൽ വെള്ളം നിറയുകയും ഡാം ആഗസ്റ്റ് എട്ടിന് തുറക്കുകയും ചെയ്യേണ്ടിവന്നു. എട്ടിനാണ് ഇടുക്കി ഡാമിൽ 2397 അടിയിലേക്ക് വെള്ളം എത്തിയത്. ഇടമലയാർ തുറക്കാൻ നിർബന്ധിക്കപ്പെട്ട സാഹചര്യത്തിൽ അപ്പോൾത്തന്നെ ഇടുക്കി കൂടി തുറന്നുവിട്ടാൽ വൻ നാശമുണ്ടായേനേ. എന്നിട്ടും സർക്കാർ കരുതലോടെ ഇടപെട്ടു. മുന്നറിയിപ്പു നൽകുകയും ആളുകളെ മാറ്റിപാർപ്പിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.