മഴക്കെടുതിയില്‍ ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ ജില്ലാ ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചാല്‍ നിത്യോപയോഗസാധനങ്ങള്‍ എത്തിച്ച് നല്‍കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ചേര്‍ന്ന പ്രളയബാധിതരുടെ പുനരധിവാസം സംബന്ധിച്ച ആലോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. പുനരധിവാസത്തിന് എന്തൊക്കെ സാമഗ്രികള്‍ കുറവുണ്ടെന്ന് ജില്ലാ ഉദ്യോഗസ്ഥര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. പഠനോപകരണങ്ങള്‍ പുസ്തകങ്ങള്‍ എന്നിവ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ കണക്ക് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശേഖരിക്കണം. ചൈല്‍ഡ് ലൈന്‍, ശിശുക്ഷേമ സമിതി, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവരെ ഏകോപിപ്പിച്ച് കുട്ടികളേയും രക്ഷിതാക്കളേയും സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിന് മാനസിക പിന്തുണ നല്‍കുന്നതിനും വിദ്യാഭ്യാസ ഉപഡയറക്ടര്‍ നടപടി സ്വീകരിക്കണം. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ നഷ്ടപ്പെട്ടവര്‍ക്കായി പഞ്ചായത്ത് തലത്തില്‍ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ പ്രത്യേക അദാലത്ത് സംഘടിപ്പിക്കും. ക്യാമ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവരുടെ ഭവനങ്ങളുടെ സുരക്ഷിതത്വം തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുമരാമത്ത് വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തും. ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്കാണ് ഏകോപന ച്ചുമതല. വെള്ളം കയറിയ വീടുകളിലെ വൈദ്യുതീകരണ സംവിധാനം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സന്നദ്ധ സംഘടനാ സാങ്കേതിക പ്രവര്‍ത്തകരുടെ സഹകരണത്തോടെ അടയന്തരമായി പരിശോധിച്ച് കണക്ഷന്‍ പുനസ്ഥാപിക്കണം. സ്‌കൂള്‍ യൂണിഫോം തുണി ലഭ്യമാക്കിയാല്‍ കുടുംബശ്രീ അപ്പാരല്‍ പാര്‍ക്ക് വഴി സൗജന്യമായി തയ്ച്ചു നല്‍കുമെന്ന് കോ-ഓര്‍ഡിനേറ്റര്‍ യോഗത്തില്‍ അറിയിച്ചു. വീടും പരിസരവും തദ്ദേശഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ശുചിത്വമിഷന്‍, ആരോഗ്യവകുപ്പ് എന്നിവയുടെ സഹകരണത്തോടെ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ അണുവിമുക്തമാക്കും. അണുനാശിനികള്‍ ശുചിത്വമിഷന്‍ വിതരണം ചെയ്യും. ശുചീകരിക്കുമ്പോള്‍ നീക്കം ചെയ്യുന്ന മണ്ണ് പഞ്ചായത്ത് തലത്തില്‍ സംഭിക്കുന്നതിന് സംവിധാനം ഒരുക്കും. വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നിത്യോപയോഗസാധനങ്ങളുടെ കിറ്റ് നല്‍കും. ആദിവാസി കോളനികളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം ട്രൈബല്‍ വകുപ്പ് ഏര്‍പ്പെടുത്തും. തിരുനെല്ലി, നൂല്‍പ്പുഴ, കണിയാമ്പറ്റ എന്നിവിടങ്ങളിലെ അടിയ, പണിയ, കാട്ടുനായ്ക, ഊരാള ആദിവാസികോളനികളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുന്നതും പരിഗണനയിലുണ്ട്. ആദിവാസി കോളനികളിലെ പുനരധിവാസ പ്രവര്‍ത്തിനത്തിന് മെന്റര്‍ ടീച്ചേഴ്‌സ്, ഊരു വിദ്യാകേന്ദ്രം വളണ്ടിയേഴ്‌സ്, സിആര്‍സി കോ-ഓര്‍ഡിനേറ്റേഴ്‌സിനൊപ്പം കോളനി നിവാസികളെക്കൂടി പങ്കെടുപ്പിക്കും. കോളനി നിവാസികള്‍ക്കുകൂടി സ്വീകാര്യമായ വിധത്തില്‍ പുനരധിവാസം സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു.
വെള്ളപ്പൊക്കത്തില്‍ ചത്ത വളര്‍ത്തു മൃഗങ്ങളുടെ ജഡം നനവില്ലാത്ത മണ്ണില്‍ കുഴിയെടുത്ത് ബ്ലീച്ചിങ് പൗഡര്‍ വിതറി ജഡം ഇറക്കി അതിന് മുകളിലും ബ്ലീച്ചിങ് പൗഡര്‍ വിതറി മണ്ണിട്ട് മൂടണം. കാലികള്‍ ഉപജീവനമാര്‍ഗ്ഗമായിരുന്നവര്‍ക്ക് മൃഗസംരക്ഷണ വകുപ്പ്, ട്രൈബല്‍ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലഭ്യതയ്ക്കനുസരിച്ച് കോഴിയെ നല്‍കാനും തീരുമാനിച്ചു. പകര്‍ച്ചവ്യാധി പിടിപെടാനുള്ള സാധ്യത കണക്കിലെടുത്ത് രണ്ടു മാസത്തേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് പശു, പോത്ത് എന്നിവയെ കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്. ദീഘകാല കൃഷി നശിച്ച സ്ഥലങ്ങളില്‍ ഇടക്കാലാശ്വാസമായി പൂക്കൃഷി, ഔഷധസസ്യക്കൃഷി എന്നിവ തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് കൃഷി വകുപ്പ് സാങ്കേതിക സഹായം നല്‍കും. ശുചീകരണത്തിന്റെ ഭാഗമായി കിണറുകള്‍ പമ്പ് ഉപയോഗിച്ച് വറ്റിക്കുന്നത് കിണറിന്റെ ചുറ്റുമുള്ള മണ്ണ് ഉണങ്ങിയതിന് ശേഷമേ ചെയ്യാവൂയെന്ന് മണ്ണ് സംരക്ഷണ ഓഫീസര്‍ പറഞ്ഞു. കുതിര്‍ന്ന മണ്ണ് ഇടിഞ്ഞിറങ്ങി കിണര്‍ മൂടാനും അത്യാഹിതം സംഭവിക്കാനും സാദ്ധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എഡിഎം കെ.അജീഷ്, സബ്കളക്ടര്‍ എന്‍എസ്‌കെ. ഉമേഷ്, ഡെപ്യൂട്ടി കളക്ടര്‍ ഇ.പി. മേഴ്‌സി, ജില്ല തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. പുനരധിവാസ പ്രവര്‍ത്തനത്തിന് സന്നദ്ധത അറിയിച്ച് 1300 പേര്‍ ദുരന്ത നിവാരണ വെബ്‌സൈറ്റില്‍ ഇതനകം രജിസ്റ്റര്‍ ചെയ്തു. 23 സന്നദ്ധ സംഘടനകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സന്നദ്ധ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇനിയും രജിസ്റ്റര്‍ ചെയ്യാം. വെബ്‌സൈറ്റ് keralarescue.in, ഇ-മെയില്‍ weforwayand@gmail.com, ഫോണ്‍- 04936206265, 206267, ജില്ലാ ദുരന്ത നിവാരണ കണ്‍ട്രോള്‍ റും ഫോണ്‍-04936204151.