കോട്ടയം: ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെയും ഹോട്ടികൾച്ചർ മിഷൻ പദ്ധതിയുടെയും ഭാഗമായി കൂരോപ്പട പഞ്ചായത്തിലെ ളാക്കാട്ടൂർ എം.ജി.എം. എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെയും പൂക്കൃഷിയുടെയും വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ നിർവഹിച്ചു. സ്‌കൂളിലെ 50 സെന്റ് സ്ഥലത്ത് വിദ്യാർത്ഥികൾ നട്ടു വളർത്തിയ വഴുതന, വെണ്ട, പച്ചമുളക്, ചീര, തക്കാളി എന്നീ പച്ചക്കറികളുടെ വിഴവെടുപ്പാണ് നടന്നത്.
കുട്ടികൾക്കിടയിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവളങ്ങളായ ജീവാമൃതം, പഞ്ചദ്രവ്യം, ഗോമൂത്രം എന്നിവയാണ്് പ്രധാനമായും ഉപയോഗിച്ചത്. കുട്ടിച്ചന്ത വഴി വിറ്റഴിക്കുന്ന ഈ ജൈവ പച്ചക്കറിക്ക് ആവശ്യക്കാരും ഏറെയാണെന്ന് കൃഷി ഓഫീസർ ടി.ആർ സൂര്യ മോൾ പറഞ്ഞു.

പുഷ്പകൃഷിയിൽ ആഫ്രിക്കൻ മാരി ഗോൾഡ് ഇനത്തിൽ പെടുന്ന മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ജമന്തിയും ബന്ദിയുമാണ് കൃഷി ചെയ്തത്. ഇന്നലെ വിളവെടുത്ത പൂക്കൾ ളാക്കാട്ടൂരിലെ ശിവപാർവതി ക്ഷേത്രത്തിന് നൽകി. ഏഴുകിലോയോളം പൂക്കളാണ് ഇന്നലെ വിളവെടുത്തത്. കിലോയ്ക്ക് 150 രൂപ നിരക്കിലാണ് നൽകിയത്.

പച്ചക്കറി തൈകൾ കൃഷി വകുപ്പിൽനിന്നു സൗജന്യമായി നൽകിയിരുന്നു. ഇത് കൂടാതെ കൃഷി വികസിപ്പിക്കുന്നതിനായി കൃഷി വകുപ്പിന്റെ ഇൻസ്റ്റിറ്റിയൂഷൻ ഗാർഡൻ പദ്ധതിയിൽ ഉൾപ്പെടുത്തി 70,000 രൂപയുടെ പ്രൊജക്ട് സമർപ്പിച്ചിട്ടുണ്ടെന്നും, പൂക്കൃഷിക്ക് ഹോട്ടികൾച്ചർ മിഷന്റെ സബ്സിഡി ലഭ്യമാക്കുമെന്നും കൃഷി ഓഫീസർ പറഞ്ഞു. കാബേജ്, കോളിഫ്ളവർ, ബീൻസ് എന്നിവയുടെ കൃഷിയും പുതുതായി കുട്ടികൾ ആരംഭിച്ചിട്ടുണ്ട്.